റിവ്യൂ ബോംബിങ്: സിനിമ പ്രമോഷന് പ്രോട്ടോക്കോള്‍ കൊണ്ടുവരുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

കൊച്ചി: സിനിമ റിവ്യൂ ബോംബിങ് പശ്ചാത്തലത്തില്‍ സിനിമ പ്രമോഷന് ഉള്‍പ്പെടെ പ്രോട്ടോക്കോള്‍ കൊണ്ടുവരുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. സിനിമ പി.ആര്‍.ഒമാര്‍ക്ക് അടക്കം അക്രഡിറ്റേഷന്‍ കൊണ്ടുവരാനാണ് ആലോചനയെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയും ഫെഫ്കയും ഒക്ടോബര്‍ 31ന് യോഗം ചേരും.

തോന്നിയത് പോലെ റിവ്യു നടത്തുന്നവര്‍ സിനിമ വ്യവസായത്തെ തകര്‍ക്കുന്നുവെന്ന് നിര്‍മാതാവ് ജി.സുരേഷ് കുമാര്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ തോന്നിവാസം പറയലാണോ എന്നും സുരേഷ് കുമാര്‍ ചോദിച്ചു. റിവ്യൂ എന്ന പേരില്‍ തീയറ്റര്‍ പരിസരത്തുനിന്ന് സംസാരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. അതേസമയം സിനിമകളെ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ ആദ്യ കേസെടുത്തതിന് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയോട് നന്ദി പറഞ്ഞു.

റിലീസ് ചെയ്ത ഉടന്‍ ഓണ്‍ലൈന്‍ വ്‌ളോഗര്‍മാര്‍ സിനിമകളെ കുറിച്ച് ‘റിവ്യൂ ബോംബിങ് ‘ നടത്തി നശിപ്പിക്കുന്നു എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ‘റാഹേല്‍ മകന്‍ കോര’ എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനി നല്‍കിയ പരാതിയില്‍ ഒന്‍പത് പേര്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസ് എടുത്തിരുന്നു. മോശം റിവ്യൂകള്‍ നല്‍കി സിനിമ പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. സ്നേക്ക് പ്ലാന്റ് സിനിമ പ്രമോഷന്‍ കമ്പനി ഉടമയും സിനിമ പിആര്‍ഒയുമായ ഹെയിന്‍സ് ആണ് ഒന്നാം പ്രതി. യൂട്യൂബര്‍മാരായ അശ്വന്ത് കോക്ക്, അരുണ്‍ തരംഗ, ട്രാവലിങ് സോള്‍ മേറ്റ്സ് എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെയാണ് കൊച്ചി സിറ്റി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. യൂട്യൂബിനെയും ഫേസ്ബുക്കിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

More Stories from this section

family-dental
witywide