തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങള്‍ ചോര്‍ത്തി നൽകി എന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്ത ഐ ജി പി.വിജയനെ സർക്കാർ തിരിച്ചെടുത്തു. സസ്‌പെന്‍ഷന്‍ റദ്ദാക്കി മുഖ്യമന്ത്രി ഉത്തരവിറക്കി. എന്നാൽ ഐ ജിക്കെതിരായ വകുപ്പുതല അന്വേഷണം തുടരും.
മെയ് 18 നാണ് വിജയനെ സസ്‌പെൻഡ് ചെയ്തത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ വിശദീകരണം ചോദിക്കാതെയായിരുന്നു സസ്‌പെന്‍ഷന്‍. പിന്നാലെ സസ്‌പെന്‍ഷന് അടിസ്ഥാനമാക്കിയ കാരണങ്ങള്‍ കളവാണെന്നു ചൂണ്ടിക്കാട്ടി പി.വിജയന്‍ സര്‍ക്കാരിനു മറുപടി നല്‍കി.
രണ്ടു മാസത്തിനു ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷതയിലുള്ള സമിതി ഐ.ജിയെ തിരിച്ചെടുക്കണമെന്നും വകുപ്പുതല അന്വേഷണം തുടരാമെന്നും ശുപാര്‍ശ ചെയ്തു. എന്നാൽ അന്ന് തിരികെ എടുത്തില്ല. വീണ്ടും റിപ്പോർട്ട് നൽകിയതിനെ തുടര്‍ന്നാണ് പി.വിജയനെ സര്‍വീസില്‍ തിരിച്ചെടുത്തു മുഖ്യമന്ത്രി ഉത്തരവിറക്കിയത്. പി.വിജയന്റെ സസ്‌പെന്‍ഷന്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധത്തിന്ഇടയാക്കിയിരുന്നു.
Kerala government revokes IG Vijayan’s suspension