നവകേരള സദസ്സ് ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെ എതിര്‍ത്ത് ഹൈക്കോടതി

കൊല്ലം: കൊല്ലത്ത് സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ്സ് പരിപാടി ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെ എതിര്‍ത്ത് ഹൈക്കോടതി. കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ നടത്താനുള്ള തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ദേവസ്വം ബോര്‍ഡ് നൽകിയ അനുമതിയാണ് റദ്ദാക്കിയത്.

ക്ഷേത്ര മൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചു. ക്ഷേത്രത്തോട് ചേർന്നാണ് നവ കേരള സദസ്സിനുള്ള പന്തൽ ഒരുക്കിയതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഈ മാസം 18നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

ഈ മാസം 18 നാണ് കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസ് കൊല്ലത്തെ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനത്ത് നടത്താൻ സംഘാടകർ നിശ്ചയിച്ചത്. എന്നാൽ ക്ഷേത്രം ഭൂമി ആരാധനാ ആവശ്യങ്ങൾക്കല്ലാതെ രാഷ്ട്രീയ പാർട്ടി പരിപാടികൾക്ക് വിട്ടു നൽകുന്നത് നിയമ വിരുദ്ധമണെന്നും ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ഇത് വ്യക്തമാക്കുന്നുവെന്നും ഹർജിക്കാർ വ്യക്തമാക്കി.

ക്ഷേത്രത്തിനോട് ചേർന്നുള്ള പരിപാടി ആരാധനാക്രമങ്ങളെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. എന്നാൽ പരിപാടി നിശ്ചയിച്ചത് ക്ഷേത്രത്തിലെ ആരാധനയെ ബാധിക്കില്ലെന്നും കോടതി നിർദ്ദേശം അനുസരിച്ച് വ്യവസ്ഥകൾ പാലിച്ച് പരിപാടി സംഘടിപ്പിക്കാൻ അനുമതി നൽകണമെന്നുമായിരുന്നു സർക്കാർ വാദം. ഈ വാദം അംഗീകരിച്ചില്ല. ഇത് രണ്ടാം തവണയാണ് നവകേരള സദസ് വേദി ഹൈക്കോടതി ഇടപെടലിൽ മാറ്റേണ്ടിവരുന്നത്.

മറ്റ് രണ്ട് നവകേരള സദസ് വേദികൾ ചോദ്യം ചെയ്ത് കൂടി ഹൈക്കോടതിയിൽ വിശ്വാസികൾ ഹർജി നൽകിയിട്ടുണ്ട്. കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനം, ശാർക്കര ദേവി ക്ഷേത്ര മൈതാനം എന്നിവിടങ്ങളിലെ പരിപാടികളാണ് ചോദ്യം ചെയ്തിട്ടുള്ളത്. ഈ ഹർജികൾ തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

Kerala HC Quashes order to use Temple premises for Nava Kerala Sadas