തൃശൂര്‍: കേരള വര്‍മ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള വോട്ടെണ്ണലില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ഹൈക്കോടതി. അസാധുവായ വോട്ടുകള്‍ റീകൗണ്ടിങ്ങില്‍ വീണ്ടും എണ്ണിയതായി കോടതി കണ്ടെത്തി. റീകൗണ്ടിങ്ങില്‍ സാധു വോട്ടുകള്‍ മാത്രമാണ് പരിഗണിക്കേണ്ടതെന്നിരിക്കെ അസാധു വോട്ടുകള്‍ എങ്ങനെ വന്നുവെന്നും കോടതി ആരാഞ്ഞു. യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ വരണാധികാരി ഹാജരാക്കിയത് കോടതി പരിശോധിച്ചു . ഇതിലാണ് അസാധു വോട്ടുകൾ പ്രത്യേകമായി രേഖപ്പെടുത്താത്തത് കണ്ടെത്തിയത്. കേസില്‍ പിന്നീട് വിധി പറയുമെന്ന് ജസ്റ്റിസ് ടി.ആര്‍ രവി അറിയിച്ചു.
വോട്ടെണ്ണലിൽ ക്രമക്കേടുണ്ടായെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെഎസ്യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. നവംബർ ഒന്നിന് നടന്ന തെരഞ്ഞെടുപ്പിൽ താൻ ഒരു വോട്ടിന് വിജയിച്ചു എന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും വീണ്ടും എണ്ണി എതിർ സ്ഥാനാർഥി എസ്എഫ്ഐയുടെ കെ.എസ് അനിരുദ്ധിനെ 10 വോട്ടിന് വിജയിപ്പിക്കുകയായിരുന്നുവെന്ന് ശ്രീക്കുട്ടന്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.
ബാലറ്റടക്കം കേടുവരുത്തിയ സാഹചര്യത്തിലാണ് വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുന്നയിച്ചതെന്നും കോളജ് മാനേജരെന്ന നിലയിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ആവശ്യപ്പെട്ടതിനാലാണ് റീ കൗണ്ടിംഗ് നടത്തിയതെന്ന് പ്രിൻസിപ്പൽ പറഞ്ഞതായും ഹർജിക്കാരനു വേണ്ടി ഹാജരായ അഡ്വ. മാത്യു കുഴൽനാടൻ എംഎൽഎ വാദിച്ചു.
Kerala high court finds out irregularities in recounting of votes in Sree Kerala Varma college election