‘രാഷ്ട്രീയാടിസ്ഥാനത്തില്‍ തടവുകാരെ വേര്‍തിരിച്ച് പാര്‍പ്പിക്കരുത്’: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നടപടിക്കെതിരെ ഹൈക്കോടതി

കൊച്ചി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയാടിസ്ഥാനത്തില്‍ തടവുകാരെ വിവിധ ബ്ലോക്കുകളില്‍ പാര്‍പ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. തടവുകാര്‍ക്കിടയില്‍ ഇത്തരം വിവേചനം എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, പി ജി അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടികാട്ടി.

ഉദ്യോഗസ്ഥരെപ്പോലെ തടവുകാരെയും ജയിലിനുള്ളില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ അനുവദിക്കരുത്. തടവുകാരെ പക്ഷഭേദമില്ലാതെ കണ്ട് അച്ചടക്കം ഉറപ്പാക്കണമെന്ന് കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ആക്ടില്‍ പറയുന്നുണ്ട്. ഇക്കാര്യം ജയില്‍ ഡി ജി പി ഉറപ്പാക്കണം.

ജയിലിലായിരുന്ന സി പി എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ബി ജെ പി പ്രവര്‍ത്തകരായ പ്രതികളുടെ അപ്പീലിലിലാണ് കോടതിയുടെ പരാമര്‍ശം. രാഷ്ട്രീയാടിസ്ഥാനത്തില്‍ തടവുകാരെ വിവിധ ബ്‌ളോക്കുകളിലാക്കുന്നത് മൂലമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് കോടതി ചൂണ്ടികാട്ടി.

2004 ഏപ്രില്‍ ആറിനാണ് ജയിലിലെ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ സി പി എം പ്രവര്‍ത്തകനായ രവീന്ദ്രന്‍ കൊല്ലപ്പെട്ടത്. ഒമ്പത് പ്രതികളുള്ള കേസില്‍ നാലു പ്രതികളെ ശിക്ഷ റദ്ദാക്കി ഹൈക്കോടതി വെറുതെ വിട്ടു.

കേസിലെ പ്രതികള്‍ക്ക് പരുക്കേറ്റത് എങ്ങനെയാണെന്നോ സംഭവം നടന്നതെങ്ങനെയെന്നോ വ്യക്തമാക്കിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തിരിച്ചറിയല്‍ പരേഡ് നടത്താതെയാണ് പ്രതികളെ കണ്ടെത്തിയത്. ക്യത്യമായ അന്വേഷണം നടത്തിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യം കണ്ടെത്താന്‍ നീതിയുക്തമായ അന്വേഷണമാണ് നടത്തേണ്ടതെന്നും കോടതി പറഞ്ഞു.

Kerala High Court flays Kannur jail authorities for housing prisoners based on political allegiance

More Stories from this section

family-dental
witywide