തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം വാരാഘോഷത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മാറിയ കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുകയാണ് കേരളീയത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ ഇനിമുതല്‍ എല്ലാവര്‍ഷവും കേരളീയം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളീയത്തെ ലോക ബ്രാന്‍ഡാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ട്. നമുക്ക് നമ്മുടേത് മാത്രമായ വ്യക്തിത്വ സത്തയുണ്ട്. നിര്‍ഭാഗവശാല്‍ അത് തിരിച്ചറിയാതെ പോകുകയാണ്. ഈ സത്തയെ ശരിയായ രീതിയില്‍ രാജ്യത്തിനും ലോകത്തിനും മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാറില്ല. അതിനു മാറ്റം വരണം. കേരളീയതയില്‍ തീര്‍ത്തും അഭിമാനിക്കുന്ന ഒരുമനസ് കേരളീയര്‍ക്ക് ഉണ്ടാകണം. വൃത്തിയുടെ കാര്യത്തില്‍ മുതല്‍ കലയുടെ കാര്യത്തില്‍ വേറിട്ട് നില്‍ക്കുന്ന കേരളീയതയെക്കുറിച്ചുള്ള അഭിമാനബോധം ഇളം തലമുറയില്‍ അടക്കം ഉള്‍ചേര്‍ക്കാന്‍ നമുക്ക് കഴിയണം.
ആര്‍ക്കും പിന്നിലല്ല കേരളമെന്നും പലകാര്യങ്ങളിലും കേരളം മുന്നിലാണെന്നുമുളള ആത്മാഭിമാനത്തിന്റെ പതാക ഉയര്‍ത്താന്‍ നമുക്ക് കഴിയണം. പലര്‍ക്കും അപ്രാപ്ര്യമായിട്ടുള്ള നേട്ടങ്ങള്‍ കൈവരിക്കാനുള്ള അപാരമായ സിദ്ധികളും സാധ്യതകളും നമുക്കുണ്ട്. ലോകത്തിലെ ചില നഗരങ്ങള്‍ ഇത്തരത്തില്‍ ചില മേളകളുടേയും മറ്റും പേരില്‍ അറിയപ്പെടുന്നുണ്ട്. അത് നമുക്ക് മാതൃകയാകണം. എഡിന്‍ബറ ഫെസ്റ്റിവല്‍, വെനീസ് ഫിനാലെ തുടങ്ങിയ അതിനുദാഹരണങ്ങളാണ്. ഇത്തരം മേളകള്‍ വ്യാപാരമേഖലയിലും ടൂറിസം മേഖലയിലും അതോടനുബന്ധ മേഖലയിലും വന്‍ സാധ്യതകളാണ് തുറന്നിടുന്നത്.
നമുക്ക് നമ്മുടേതായ പൈതൃകമുണ്ട്. ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഭക്ഷണരീതികളിലും ആഘോഷങ്ങളിലും ആ പൈതൃകമുണ്ട്. മതനിരപേക്ഷതയില്‍ ഊന്നിയുള്ള സംസ്‌കാരമുണ്ട്. ലോക പൈതൃകത്തിന്റെ ഒരു മിനിയേച്ചര്‍ മാതൃക നമുക്കുണ്ടെന്ന് വിളിച്ചു പറയാനും കൂടി കേരളീയത്തിന് കഴിയണം. അതിനനുകൂലമായ മികച്ച വ്യവസായ അന്തരീക്ഷമാണിവിടെയുള്ളത്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും കാര്‍ഷീകമേഖലയിലുമടക്കം വലിയ സാധ്യതകളാണ് നാം മുന്നോട്ടുവെയ്ക്കുന്നത്’ മുഖ്യമന്ത്രി പറഞ്ഞു.