ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടു പാസായവര്‍ വീടിന്റെ പണി പാതിയില്‍ നിര്‍ത്തി പണത്തിനായി കാത്തിരിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഫണ്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് പലയിടത്തും വീടു നിര്‍മ്മാണം പാതി വഴിയിലാണ്. പഞ്ചായത്ത് ലിസ്റ്റില്‍ കയറിക്കൂടി വീട് പണി തുടങ്ങിവച്ചവരെല്ലാം പല ഗഡുക്കളിലായി പണം മുടങ്ങിയ അവസ്ഥയിലാണ്. പണി തീരാത്ത വീടും പലിശക്കെണിയുമായി പ്രതിസന്ധിയിലാണ് ലൈഫ് പദ്ധതിയുടെ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും.
ലൈഫ് മിഷന്‍ പദ്ധതി വഴി വീടു പാസാകുന്നവര്‍ക്ക് പണി തുടങ്ങിയാലുടന്‍ ഇടതടവില്ലാതെ പണമെത്തിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനമെങ്കിലും പല പഞ്ചായത്തുകളിലും ഫണ്ട് ഇല്ലാത്തതിനാല്‍ പണി ഇഴയുകയാണ്. ആകെ മൊത്തം 717 കോടി രൂപയുടെ പദ്ധതിയാണ് ലൈഫ്മിഷന്‍. ഇതില്‍ ആകെ ചെലവഴിച്ചത് 2.69% മാത്രമാണ്. ഗ്രാമ പ്രദേശങ്ങളില്‍ പദ്ധതി ചിലവ് 2.94% നഗരപ്രദേശങ്ങളില്‍ 2.01% ചെലവഴിച്ചു. എന്നാലിപ്പോള്‍ പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ ഫണ്ടില്ലാത്ത അവസ്ഥയാണ്.
സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാതെ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് അന്വേഷിച്ചെത്തുന്നവരോട് പറയുകയാണ് പഞ്ചായത്ത് അധികൃതര്‍. തറ കെട്ടുന്നതിനായി ആദ്യം 40000 രൂപ, തറ നിര്‍മ്മിച്ച് കഴിഞ്ഞാലുടന്‍ 1,60,000 രൂപ. ഭിത്തി നിര്‍മ്മാണത്തിന് ശേഷം ഒരു ലക്ഷം. അവസാന ഗഡുവായി ഒരു ലക്ഷം രൂപ എന്നിങ്ങനെ നാല് ഗഡുവായാണ് ലൈഫ് പദ്ധതിയില്‍ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുന്നത്.