മുംബൈ വിമാനത്താവളം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഇമെയിലിലൂടെ ഭീഷണി; മലയാളി അറസ്റ്റില്‍

മുംബൈ: ഒരു മില്യണ്‍ ഡോളര്‍ തന്നില്ലെങ്കില്‍ മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയയാളെ മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. മലയാളിയാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. ഒരു മില്യണ്‍ ഡോളര്‍ ബിറ്റ്കോയിനായി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു ഇയാള്‍ മെയിലിലൂടെ ഭീഷണിപ്പെടുത്തിയത്.

വ്യാഴാഴ്ചയാണ് ഈ മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഇമെയില്‍ സന്ദേശം ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇത് അവസാന മുന്നറിയിപ്പാണെന്നും 48 മണിക്കൂറിനകം പണം നല്‍കിയില്ലെങ്കില്‍ ടെര്‍മിനല്‍ 2 ബോംബ് വെച്ച് തകര്‍ക്കുമെന്നുമാണ് ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നത് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് സഹര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.