കളമശേരി സ്ഫോടനം: പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു

കൊച്ചി : കളമശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിൻ്റെ ഫോൺ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഫോണിലൂടെ ഇയാൾ ആരോടെല്ലാം ബന്ധം പുലർത്തി, വാട്ട്സാപ് ചാറ്റുകളുടെ ബാക്ക് അപ് , മറ്റു സമൂഹ മാധ്യമ അക്കൌണ്ടുകൾ എന്നിവയുടെ വിശദ പരിശോധന നടത്തും. കൃത്യം നടത്താൻ ഇയാളക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചതായി ഇതുവരെ ഒരു തെളിവും കിട്ടിയിട്ടില്ല.

പ്രതിയുടെ സ്വഭാവസവിശേഷതകളാണ് പൊലീസിന് തലവേദനയാകുന്നത്. ഇയാളുടെ മാനസിക – ശാരീരിക ആരോഗ്യ സ്ഥിതിക്ക് കുഴപ്പമെന്നുമില്ല എന്നാണ് മെഡിക്കൽ റിപ്പോർട്ട്. പ്രതിയുടെ മാനസിക നില മനശാസ്ത്രജ്ഞരുടെ സഹായത്തോടെ വിശകലനം ചെയ്യാനാണ് പൊലീസ് ശ്രമം.

തിരിച്ചറിയൽ പരേഡിന്‌ അന്വേഷകസംഘം നടപടികളാരംഭിച്ചു. കൺവൻഷനിൽ പങ്കെടുത്തവരിൽ ചിലർ സംഭവദിവസം ഡൊമിനിക്‌ മാർട്ടിനെ കണ്ടതായി അറിയിച്ചു. ഇവരുടെ ലിസ്‌റ്റ്‌ തയ്യാറാക്കുകയാണ്‌ പൊലീസ്‌. തിരിച്ചറിയൽ പരേഡിന്‌ കോടതി അംഗീകാരം ലഭിച്ചശേഷം ഇവരോട്‌ ഹാജരാകാൻ ആവശ്യപ്പെടും. കാക്കനാട്ടെ ജില്ലാ ജയിലിൽ തിരിച്ചറിയൽ പരേഡ്‌ നടത്താനാണ്‌ തീരുമാനം. പരേഡിനുള്ള അപേക്ഷ ഉടൻ നൽകും. കൺവൻഷന്‌ എത്തിയവരുടെ പേര്‌, വിലാസം എന്നിവ പൊലീസ്‌ ശേഖരിച്ചു. 

ഡൊമിനിക്‌ മാർട്ടിന്റെ മൊഴികളും ലഭ്യമായ തെളിവുകളും പൊലീസ്‌ പരിശോധിക്കുകയാണ്‌. പ്രതിയുടെ വിദേശബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നു. കഴിഞ്ഞദിവസം നടത്തിയ തെളിവെടുപ്പിൽ ബോംബുണ്ടാക്കാൻ ഉപയോഗിച്ച ഇലക്ട്രിക്‌ വയർ, ബാറ്ററി എന്നിവയും പെട്രോൾ നിറച്ച കുപ്പികളും അപാർട്‌മെന്റിൽനിന്ന്‌ ലഭിച്ചിരുന്നു. 

സ്‌ഫോടനം നടന്ന കളമശേരി സാമ്ര കൺവൻഷൻ സെന്ററിലും എത്തിച്ച്‌ തെളിവെടുക്കും. പഴുതുകൾ അടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ എ അക്ബർ പറഞ്ഞു.

മൂന്നു പേരുടെ നില ഗുരുതരം
സ്ഫോടനത്തിൽ പരുക്കേറ്റ മൂന്നുപേരുടെ സ്ഥിതി അതീവഗുരുതരമായി തുടരുന്നു. ഇവരിൽ 2 പേർ ആസ്റ്റർ മെഡിസിറ്റിയിലും ഒരാൾ എറണാകുളം മെഡിക്കൽ സെൻ്ററിലുമാണ്. ആശുപത്രികളിൽ 20 പേർ ചികിത്സയിലുണ്ട്‌. 16 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്‌.

Kerala police sent Dominic Martin’s phone for Forensic examination

More Stories from this section

family-dental
witywide