
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരും ജനങ്ങളെ നേരിട്ട് കാണാനും പരാതികള്‍ സ്വീകരിക്കാനും ആരംഭിച്ച നവകേരള സദസ് ഫിനിഷിംഗ് പോയിന്റിലേക്ക് എത്തുമ്പോള്‍ താരം കേരളാ പൊലീസാണ്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ്സിന് നേരെ സംസ്ഥാനത്തിന്റെ എല്ലായിടങ്ങളിലും കോണ്‍ഗ്രസും ബിജെപിയും ഇരുപാര്‍ടികളുടെയും യുവജന സംഘടനകളും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കരിങ്കൊടിയുമായി പലരും വാഹനത്തിന് മുന്നിലേക്ക് ചാടുന്നതും വാഹനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതുമൊക്കെ കഴിഞ്ഞ ഒരുമാസത്തോളമായി കേരളം കാണുകയാണ്. കരിങ്കൊടി പ്രകടനം കാഴ്ചവെച്ചവര്‍ക്കെതിരെ കേരളാ പൊലീസ് വക പൊതിരേ കിട്ടി തല്ല്. കാസര്‍ക്കോട് നിന്ന് ആരംഭിച്ച നവകേരള സദസ്സ് കണ്ണൂര്‍ എത്തിയപ്പോള്‍ മുതല്‍ സുരക്ഷക്ക് കേരള പൊലീസിനൊപ്പം മുഖ്യമന്ത്രിയുടെ പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥരും ഡി.വൈ.എഫ്.ഐയും കൂടി ചേര്‍ന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലുവാങ്ങുന്ന നിരവധി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. തല്ലുന്നവരുടെ കൂട്ടത്തില്‍ പല താരങ്ങളുടെയും ചിത്രങ്ങള്‍ പുറത്തുവന്നെങ്കിലും അതൊന്നും പൊലീസിന് പ്രശ്നമല്ല. ഇപ്പോള്‍ യാത്ര അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തകക്കെതിരെ കേസെടുത്തുകൊണ്ടാണ് കേരളാ പൊലീസ് മുഖ്യമന്ത്രിക്കെതിരെ നല്ലൊരു പണി കൊടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വാഹന വ്യൂവഹത്തിന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഷൂസ് എറിഞ്ഞ സംഭവം ഉണ്ടായിരുന്നു. അത് റിപ്പോര്‍ട്ട് ചെയ്ത 24 ന്യൂസിലെ വിനീത എന്ന മാധ്യമ പ്രവര്‍ത്തകക്കെതിരെയാണ് കേരളാ പൊലീസ് കേസെടുത്തിരിക്കുന്നത്. മുമ്പ് എസ്.എഫ്.ഐ നേതാവ് ആര്‍ഷോയുടെ പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്ത് ഒരിക്കല്‍ കേരളാ പൊലീസ് മുഖ്യമന്ത്രിയെ നാണം കെടുത്തിയതാണ്. എന്തിനായിരുന്നു ആ പൊലീസ് കേസ്സെന്ന് വിശദീകരിക്കാന്‍ അക്കാലത്ത് പാര്‍ടി പ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടു. പക്ഷെ, കേരളാ പൊലീസിന്റെ അന്നത്തെ കേസ് യഥാര്‍ത്ഥത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനും ആ മാധ്യമ പ്രവര്‍ത്തകക്കും നല്ല മൈലേജാണ് ഉണ്ടാക്കിക്കൊടുത്തത്. പണികിട്ടിയത് സര്‍ക്കാരിനും. ഒടുവില്‍ മാധ്യമ പ്രവര്‍ത്തകയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പൊലീസ് തടിതപ്പി. ഇപ്പോള്‍ ഗൂഡാലോചന കുറ്റം ചുമത്തി മറ്റൊരു മാധ്യമ പ്രവര്‍ത്തകയെ കൂടി പ്രതി ചേര്‍ക്കുമ്പോള്‍ അത് മുഖ്യമന്ത്രിക്കെതിരായ മറ്റൊരു പണികൂടിയാണെന്ന് സര്‍ക്കാരിനും സിപിഎമ്മിനും മനസ്സിലാകുന്നുണ്ടോ എന്തോ?
പി.ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ദില്ലിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ അദ്ദേഹം വാര്‍ത്ത സമ്മേളനം നടത്തുകയായിരുന്നു. അന്ന് ഒരു പഞ്ചാബി മാധ്യമ പ്രവര്‍ത്തകന്‍ അദ്ദേഹത്തിന് നേരെ ഷൂസ്സെറിഞ്ഞു. അത് അന്ന് എല്ലാ മാധ്യമ പ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷൂസ്സെറിഞ്ഞ മാധ്യമ പ്രവര്‍ത്തകനെ ആരും ന്യായീകരിച്ചില്ല. പക്ഷെ, ആ വാര്‍ത്ത എല്ലാ മാധ്യമങ്ങളും ആഘോഷിച്ചു. അതുപോലെ തന്നെയാണ് മുഖ്യമന്ത്രിക്കെതിരെ ഷൂസ്സെറിയുന്ന ദൃശ്യങ്ങള്‍ കിട്ടില്‍ സ്വാഭാവികമായും മാധ്യമങ്ങള്‍ ആഘോഷിക്കും. അത് വൃത്തിയായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും.
യഥാര്‍ത്ഥത്തില്‍ ഷൂസ്സേറ് സംഭവത്തില്‍ കേരളാ പൊലീസിന് വലിയ വീഴ്ച പറ്റി. അതില്‍ പുകമറ സൃഷ്ടിക്കലാണ് ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകയെ ഗൂഡാലോചന കുറ്റത്തില്‍ പ്രതിചേര്‍ത്തുകൊണ്ടുള്ള കേസ്. പക്ഷെ, കേസ് കോടതിയിലേക്ക് എത്തുമ്പോള്‍ പതിവ് പോലെ പൊലീസ് കൈമലര്‍ത്തുമോ എന്നറിയാന്‍ കാത്തിരിക്കാം. പക്ഷെ, അടുത്ത കാലത്തായി കേരള പൊലീസിന്റെ പ്രകടനം സര്‍ക്കാരിന് അത്ര നല്ല സൂചനയല്ല നല്‍കുന്നത്. പല സംഭവങ്ങളിലും എല്‍.ഡി.എഫ് സര്‍ക്കാരിന് എട്ടിന്റെ പണി കേരള പൊലീസ് കൊടുക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അതില്‍ ഒന്നോ രണ്ടോ എണ്ണമാകാം അഖില നന്ദകുമാറിന്റെയും ഇപ്പോള്‍ വിനീതയുടെയും.
Kerala Police’s Deliberate move to tarnish CM Pinarai vijayan