കൊച്ചി: കേരളത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയും കോഴിക്കോട് സ്വദേശിയുമായ അലൻ ഷുഹൈബ് അവശനിലയിൽ ആശുപത്രിയിൽ. ചൊവ്വാഴ്ച രാത്രിയോടെ അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തിയതിനെ തുടർന്നാണ് അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
കൊച്ചി ഇടച്ചിറ എന്ന സ്ഥലത്തെ ഫ്ലാറ്റിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അലൻ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും അലന് സുഹൃത്തുക്കള്‍ക്കയച്ച ദീർഘമായ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
2019 നവംബർ ഒന്നിനാണ് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. 10 മാസത്തെ ജയിൽവാസത്തിനു ശേഷം സെപ്റ്റംബർ 9ന് അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു.
ഇരുവർക്കുമെതിരെ അന്വേഷണ ഏജൻസികൾ ഉയർത്തിയ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു കോടതി ജാമ്യം നൽകിയത്. ഇരുവരും മാവോയിസ്റ്റ് ആശയങ്ങളിൽ ആകർഷിക്കപ്പെട്ടിരിക്കാം എന്നല്ലാതെ മാവോയിസ്റ്റ് സംഘടനയുമായോ ഏതെങ്കിലും ഭീകരപ്രവർത്തനവുമായോ ബന്ധമുണ്ടെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു വിധിയിൽ വ്യക്തമാക്കിയിരുന്നു.