തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്‍റെ രാഷ്ട്രീയ ഇടപെടലാണെന്ന് സെമിനാർ. കേരളീയത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിലാണ് ഈ വിമർശനം.
നിലവിലേത് കേന്ദ്രത്തിന്‍റെ രാഷ്ട്രീയ ഇടപെടൽമൂലമുള്ള പ്രതിസന്ധിയാണെന്നും സംസ്ഥാനം ഇതൊന്നും ചെയ്യേണ്ടെന്നാണ് കേന്ദ്ര നിലപാടെന്നും മുൻ മന്ത്രി തോമസ് ഐസക് പറഞ്ഞു. രാഷ്ട്രീയമായി സൃഷ്ടിച്ച പ്രതിസന്ധിയല്ലാതെ ഒന്നും കേരളത്തിനില്ല. കിഫ്ബി വായ്പകൾ വായ്പ പരിധിയിൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ വരിഞ്ഞുമുറുക്കുകയാണ്.
ആറു പതിറ്റാണ്ടിനിടെ കേരളത്തിന്റെ സാമ്പത്തിക രംഗം വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. കേരളം പണ്ടത്തെപ്പോലെ ദരിദ്ര സംസ്ഥാനമല്ല. ഉയർന്ന ഉപഭോഗ ശേഷിയും പ്രതിശീർഷ വരുമാനവും വേഗത്തിലുള്ള സാമ്പത്തിക വളർച്ചയും സ്വന്തമാക്കാനായി. എന്നാൽ, നിക്ഷേപ കാര്യത്തിൽ വലിയ മാറ്റം വന്നിട്ടില്ല. 1987 വരെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ച രണ്ടു ശതമാനമായിരുന്നു. 1987 ന് ശേഷം ഇത് ആറു ശതമാനം വീതമാണ്. ഗൾഫ് പ്രവാസമാണ് ഈ വളർച്ചക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ വരിഞ്ഞുമുറുക്കുകയാണെന്ന് മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ പറഞ്ഞു. ധനകാര്യമേഖലയിലെ ഫെഡറൽ ബന്ധങ്ങൾ സുതാര്യമായില്ലെങ്കിൽ എല്ലാ സംസ്ഥാനങ്ങൾക്കും പ്രതിസന്ധി സൃഷ്ടിക്കും. 16ാം ധനകാര്യ കമീഷൻ മുന്നിൽ കണ്ട് പ്രത്യേകം സംഘം രൂപവത്കരിച്ച് ഇപ്പോഴേ തയാറെടുപ്പ് തുടങ്ങിയില്ലെങ്കിൽ വീണ്ടും അവഗണനയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.