‘അത് ഡാഡിയുടെ തന്നെ തീരുമാനം ആയിരുന്നു, സിഗ്‌നേച്ചര്‍ ഒരു ചാരിറ്റി സ്ഥാപനമല്ല’; പ്രതികരിച്ച് കെ ജി ജോര്‍ജിന്റെ മകള്‍

അന്തരിച്ച പ്രശസ്ഥ സംവിധായകന്‍ കെ ജി ജോര്‍ജ് അവസാനകാലത്ത് താമസിച്ചിരുന്ന സിഗ്‌നേച്ചര്‍ ഒരു ചാരിറ്റി സ്ഥാപനമല്ല, പണം വാങ്ങി അന്തേവാസികള്‍ക്ക് വിദഗ്ധ ശുശ്രൂഷ നല്‍കുന്ന റീഹാബിലിറ്റേഷന്‍ സെന്ററാണെന്ന് കെ.ജി. ജോര്‍ജിന്റെ മകള്‍ താര ജോര്‍ജ്. തന്റെ സിനിമകള്‍ പോലെ തന്നെ അദ്ദേഹം പുരോഗമന ചിന്താഗതിയുള്ള ആലായിരുന്നുവെന്നും വയസ്സാകുമ്പോള്‍ കുടുബത്തിന് ഭാരമാകരുതെന്ന് ആഗ്രഹിച്ചിരുന്നുവെന്നും താര പറഞ്ഞു. സിഗ്‌നേച്ചര്‍ എന്ന സെന്ററില്‍ എത്തിയത് ഡാഡിയുടെ മാത്രം തീരുമാനമായിരുന്നു എന്നും താര പറഞ്ഞു. കെജി ജോര്‍ജിന്റെ മരണശേഷമുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മകള്‍. ‘ടോക്‌സ് ലെറ്റ്മി ടോക്’ എന്ന ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താര ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

താരയുടെ വാക്കുകള്‍:

”ഞാന്‍ താര, കെ.ജി. ജോര്‍ജിന്റെ മകള്‍ ആണ്. ഖത്തറില്‍ നിന്നും വിവരമറിഞ്ഞ ഉടന്‍ എത്തുകയായിരുന്നു. എന്റെ മമ്മിയും സഹോദരനും ഭാര്യയും കുട്ടിയും ഗോവയില്‍ നിന്നാണ് വന്നത്. ഗണേശ ചതുര്‍ഥി ആയതുകൊണ്ട് ഫ്ളൈറ്റ് ഒക്കെ ഫുള്‍ ആയിരുന്നു. അതുകൊണ്ടാണ് വേഗത്തില്‍ അവര്‍ക്ക് എത്താന്‍ കഴിയാതിരുന്നത്. എന്റെ ഡാഡിയുടെ സിനിമകള്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് അറിയാം ഡാഡി ഒരുപാട് പുതിയ ചിന്താഗതിയുള്ള ആളാണ്. അദ്ദേഹം പണ്ടേ ഞങ്ങളോട് പറയുമായിരുന്നു, ”വയസ്സാകുമ്പോള്‍ ഞാന്‍ ഒരിക്കലും കുടുംബത്തിന് ഒരു ഭാരമാകില്ല. ഞാന്‍ ഇതുപോലെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കുമെന്ന്”. അത് ഡാഡിയുടെ തന്നെ തീരുമാനം ആയിരുന്നു. അങ്ങനെയാണ് സിഗ്‌നേച്ചര്‍ എന്ന സെന്ററില്‍ അദ്ദേഹം എത്തിയത്.

ഇതൊരു വൃദ്ധസദനം ഒന്നും അല്ല. ഇത് എല്ലാ സൗകര്യങ്ങളുമുള്ള അറിയപ്പെടുന്ന റീഹാബിലിറ്റേഷന്‍ സെന്റര്‍ ആണ് (ആശ്വാസഭവനം). ഇവിടെ ആരും ചാരിറ്റി അല്ല ചെയ്യുന്നത്. ഇത് പണം വാങ്ങി വളരെ നല്ല ശുശ്രൂഷ കൊടുത്ത് നന്നായി നടത്തിക്കൊണ്ടുപോകുന്ന ഒരു സ്ഥാപനമാണ്. ഇവിടുത്തെ ഉടമസ്ഥന്‍ അലക്സും അദ്ദേഹത്തിന്റെ ഭാര്യയും ഒരു കുടുംബാംഗത്തെ പോലെയാണ് ഡാഡിയെ നോക്കിയിരുന്നത്. ഞങ്ങള്‍ ഡാഡിയെ ഇടയ്ക്കിടെ വീട്ടില്‍ കൊണ്ടുപോകും. പക്ഷേ ഡാഡി ഇങ്ങോട്ട് തന്നെ വരണമെന്നു പറയുമായിരുന്നു. ഡാഡി എപ്പോഴും പറയുന്ന ഒരു കാര്യമുണ്ടായിരുന്നു, ”ഞാന്‍ സിനിമ എടുത്തിരുന്ന കാലത്ത് സിനിമാക്കാര്‍ എല്ലാം എന്നെ കാണാന്‍ വരുമായിരുന്നു. പക്ഷേ ഞാന്‍ സിനിമ ചെയ്യല്‍ നിര്‍ത്തിയപ്പോള്‍ ആരും എന്നെ തിരിഞ്ഞു നോക്കിയില്ല. ഒരു ഫോണ്‍കോള്‍ ചെയ്യുകയോ വന്നുകാണുകയോ ചെയ്തിട്ടില്ല”.

വീട്ടില്‍ ഇരിക്കുമ്പോള്‍ ഡാഡി ഡിപ്രസ്സ്ഡ് ആകുന്നുണ്ടായിരുന്നു. ഇവിടെ സിഗ്‌നേച്ചറില്‍ എത്തിയതിനു ശേഷം വളരെ ഉന്മേഷവാനായിരുന്നു. ഒരു സ്‌ട്രോക്ക് വന്നിരുന്നെങ്കിലും അദ്ദേഹം അതില്‍ നിന്നൊക്കെ രക്ഷപെട്ട് വന്നതാണ്. സ്ഥിരമായി ഫിസിയോതെറാപ്പി ഒക്കെ ചെയ്ത് അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടത് തന്നെ ഇവിടെ വന്നിട്ടാണ്. ഹോം നഴ്‌സിനെ ഒക്കെ വയ്ക്കാന്‍ നോക്കിയിരുന്നു. പക്ഷേ അതൊന്നും ശരിയായില്ല. ഇവിടെ വന്നതിനു ശേഷം ആശുപത്രിയില്‍ ആകുമ്പോള്‍ തിരിച്ച് എവിടെ പോകണം എന്ന് ചോദിച്ചാല്‍ ഇവിടെ തന്നെ വരണം എന്ന് ഡാഡി തന്നെയാണ് പറയുന്നത്. ഇവിടെ വന്നു താമസിക്കുക എന്നുള്ളത് ഡാഡിയുടെ തീരുമാനം ആയിരുന്നു. അദ്ദേഹം എന്ത് തീരുമാനിക്കുന്നോ അതിനെ ബഹുമാനിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഇവിടെ വരണം എന്ന് പറഞ്ഞു ഇവിടെ വന്നു, ക്രിസ്ത്യന്‍ ആയിട്ടുപോലും ശരീരം ദഹിപ്പിക്കണം എന്ന് പറഞ്ഞു അതും ഞങ്ങള്‍ അനുസരിച്ചു. എല്ലാം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആണ് നടക്കുന്നത്.

ഡാഡിയുടെ മരണവാര്‍ത്ത അറിഞ്ഞ് എന്റെ ഇന്‍സ്റ്റഗ്രാമിലും വാട്‌സ്ആപ്പിലും മെസ്സേജ് അയച്ച് എല്ലാവരും വിവരങ്ങള്‍ ചോദിക്കുന്നുണ്ട്. പിണറായി വിജയന്‍ സാറും നമ്മുടെ മന്ത്രിമാരും എല്ലാം വിളിച്ചു. മലയാള സിനിമാതാരങ്ങള്‍ ഒക്കെ ഇപ്പോള്‍ വിളിച്ച് അന്വേഷിക്കുന്നുണ്ട്. ഫെഫ്കയിലെ ബി. ഉണ്ണികൃഷ്ണന്‍ സാറാണ് എല്ലാം ഏറ്റെടുത്ത് ചെയ്തത്. ഞാനും എന്റെ കുടുംബവും ഒന്നും അറിഞ്ഞില്ല എല്ലാ കാര്യങ്ങളും ഇവിടെ ഭംഗിയായി ചെയ്യാന്‍ ഏര്‍പ്പാട് ചെയ്തിരുന്നു. എന്നും ആ നന്ദി ഉണ്ടാകും. എന്റെ ഡാഡി ഇവരുടെയെല്ലാം ബഹുമാനം നേടിയിരുന്നു എന്നുള്ളതിന്റെ തെളിവാണ് ഇപ്പോള്‍ കാണുന്നത്. സിനിമാ പ്രവര്‍ത്തകരും മന്ത്രിമാരും എല്ലാം ചേര്‍ന്ന് എല്ലാകാര്യങ്ങളും കൃത്യമായി ക്രമീകരിച്ചിരുന്നു. ഞങ്ങള്‍ക്ക് ഒന്നും അറിയേണ്ടി വന്നില്ല. എല്ലാവരോടും നന്ദിയുണ്ട്.”- താര പറഞ്ഞു.

kg-george-s-daughter-thara-george-response

More Stories from this section

family-dental
witywide