ഭീഷണി സന്ദേശം: ഡല്‍ഹി, പഞ്ചാബ് വിമാനത്താവളങ്ങളില്‍ സന്ദർശകരുടെ പ്രവേശനം നിയന്ത്രിച്ചു

ന്യൂഡല്‍ഹി: നവംബര്‍ 19-ന് എയര്‍ഇന്ത്യ വിമാനങ്ങള്‍ക്കെതിരേയും ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിനെതിരേയും ആക്രമണം ഉണ്ടായേക്കുമെന്ന തരത്തില്‍ ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നുനിന്റെ ഭീഷണി സന്ദേശം പുറത്തു വന്നതിന് പിന്നാലെ ഡല്‍ഹി, പഞ്ചാബ് വിമാനത്താവളങ്ങള്‍ക്ക് സുരക്ഷാനിര്‍ദേശങ്ങളുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്).

ഡല്‍ഹി വിമാനത്താവളത്തില്‍ സന്ദര്‍ശക പാസ് അനുവദിക്കുന്നത് അവസാനിപ്പിക്കാന്‍ ബിസിഎഎസ് നിര്‍ദേശിച്ചു. നവംബര്‍ 30 വരെയാണ് ഡല്‍ഹി വിമാനത്താവളത്തിലെ സന്ദര്‍ശകപാസുകള്‍ അനുവദിക്കുന്നതിുള്ള നിയന്ത്രണം. എന്നാല്‍, സര്‍ക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഇളവുകള്‍ ഉണ്ടാവും.

പഞ്ചാബില്‍ എല്ലാ എയര്‍ഇന്ത്യ വിമാനങ്ങളിലും ബോര്‍ഡിങ്ങിന് മുമ്പായി സുരക്ഷാപരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്. ഡല്‍ഹിയില്‍നിന്നും പഞ്ചാബില്‍നിന്നും വിമാനയാത്ര നടത്തുന്ന യാത്രക്കാര്‍ക്ക് അധിക സുരക്ഷാപരിശോധനകളുണ്ടാവും. യാത്രക്കാരേയും കൈവശമുള്ള ലഗേജുകളേയും പ്രാഥമിക സുരക്ഷാപരിശോധനയ്ക്ക് പുറമേ മറ്റൊരു പരിശോധനയ്ക്ക് കൂടെ വിധേയമാവണം.

ഇന്ത്യയില്‍ ഉടനീളം വിമാനത്താവളം, എയര്‍സ്ട്രിപ്പ്, എയര്‍ഫീല്‍ഡ്, എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍, ഹെലിപാഡ്, ഫ്‌ളൈങ് സ്‌കൂളുകള്‍, ഏവിയേഷന്‍ ട്രെയ്‌നിങ് കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കെതിരെ സുരക്ഷാ ഭീഷണിയുള്ള പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്ന് സര്‍ക്കുലറില്‍ പറയുന്നു. എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷവര്‍ധിപ്പിക്കാനും ഭീഷണിസന്ദേശം പുറത്തിറക്കിയ വിഘടനവാദിക്കെതിരെ നടപടി എടുക്കാനും കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide