കെഎച്ച്എൻഎ 12ാം ലോക കൺവൻഷൻ “അശ്വമേധ”ത്തിന് ഉജ്ജ്വലമായ തുടക്കം

ഹ്യൂസ്റ്റൺ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച് എൻഎ) യുടെ 12ാം ലോക കൺവൻഷൻ “അശ്വമേധത്തിന് ഉജ്ജ്വമായ തുടക്കമായി. 23നു തുടങ്ങിയ കൺവൻഷൻ ഇന്നു സമാപിക്കും. അമേരിക്കയിലും ഇന്ത്യയിലുമുള്ള പ്രമുഖ വ്യക്തികൾ ഉൾപ്പെടെ 2000 പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുക്കുന്നുണ്ട്. പാലക്കാട്ട് വേരുകളുള്ള റിപ്പബ്ളിക്കൻ പ്രസിഡൻ്റ് സ്ഥാനാർഥി വിവേക് രാമസ്വാമി കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

നവംബർ 23 ന് പുലർച്ചെ പൊങ്കാലയോടെയാണ് കൺവൻഷൻ ചടങ്ങുകൾ തുടങ്ങിയത്. ആറ്റുകാൽ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടിൽ ഇല്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീ മീനാക്ഷി ക്ഷേത്ര പണ്ടാര അടുപ്പിൽ തീ പകർന്ന് പൊങ്കാലയ്ക്ക് ആരംഭം കുറിച്ചു. മുന്നൂറോളം സ്ത്രീകൾ പൊങ്കാല ഉൽസവത്തിൻ്റെ പങ്കെടുത്തു.
“മൈഥിലി മാ” എന്ന പരിപാടിയുടെ ഭാഗമായുള്ള അമ്മമാരുടെ ലളിതാ സഹസ്രനാമ ജപം നടന്നു. . വൈകിട്ട് ഡൌൺടൌണിൽ നടന്ന ഘോഷയാത്രയോടെ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി . തുടർന്ന് ഉദ്ഘാടനച്ചടങ്ങ് നടന്നു.

24 വെള്ളിയാഴ്ച രാവിലെ നടന്ന ഹിന്ദു സമ്മേളനത്തിൽ പണ്ഡിതനും അദ്വൈത ആശ്രമ സ്ഥാപകനുമായ സ്വാമി ചിദാനന്ദപുരി, സ്വാമി ഉദിത് ചൈതന്യ, ചെങ്കോട്ടുകോണം മഠാധിപതി ശ്രീശക്തി ശാന്താനന്ദ, മിസോറാം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ എന്നിവർ പ്രഭാഷണം നടത്തി. ഭാരതത്തിൻ്റെ സനാതന ധർമവും പാരമ്പര്യവും പൈതൃകവും പലരും തകർക്കാൻ നോക്കി. പോർച്ചുഗീസുകാരും ബ്രിട്ടിഷുകാരും മുഗളമ്നാരും എല്ലാം അതിനു വേണ്ടി ശ്രമിച്ചിട്ടും തകർക്കാനായില്ല എന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. സനാതന ധർമത്തിൻ്റെ അടിസ്ഥാനം കുടുംബമാണ്. പാശ്ചാത്യർ കരുതുംപോലെ കുടുംബം എന്നത് വ്യക്തികളുടെ ഒരു കൂട്ടമല്ല. കുടുംബത്തിൽ ഓരോരുത്തർക്കും ഓരോ ജോലിയുണ്ട്. അത് നിർവഹിക്കപ്പെടണം. കുടുംബത്തെ ഒരുമിപ്പിച്ച് നിർത്തുന്നത് അമ്മയാണ്. അമ്മ ദൈവമാണ്, ഗുരുവാണ്. ഭാരതത്തിൻ്റെ സനാതന മൂല്യം കാത്തു സൂക്ഷിക്കാനും അടുത്ത തലമുറയ്ക്കു വേണ്ടി നിലനിർത്താനും കെഎച്ച്എൻഎയെ പോലുള്ള സംഘടനകൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഹിന്ദു ആചാര്യന്മാർ വേദത്തിലും ഉപനിഷത്തിലും പറഞ്ഞിട്ടുള്ള ശാസ്ത്രങ്ങളിലും വലിയ ശാസ്ത്രമൊന്നും ആരും കണ്ടു പിടിച്ചിട്ടില്ല . ഇന്നത്തെ കാലത്ത് ശാസ്ത്രകാരന്മാർ പറയുന്നതു മാത്രമാണ് ശാസ്ത്രം. അത് എത്ര പരിമിതമാണ്. അങ്ങനെയുള്ള ലോകത്താണ് ഗണപതി മിത്താവുന്നതും വേദങ്ങൾ മിത്തോളജി ആവുന്നതുമെന്ന് സ്വാമി ശാന്താനന്ദ പറഞ്ഞു.

തീവ്രവാദവും ഏകാധിപത്യവും ഭ്രൂണഹത്യയുമില്ലാത്ത ഒരു ലോകം നിർമിച്ചെടുക്കാൻ സനാതന ധർമികൾക്കുമാത്രമേ സാധിക്കൂ എന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. ഭാവിയിലെ ലോകം ഉറ്റു നോക്കുന്നത് സതാതന ധർമം മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു സമ്മേളനത്തിനു ശേഷം ഒട്ടേറെ കലാപരിപാടികൾ അരങ്ങേറി. മുതിർന്ന പൌരന്മാരുടെ പാട്ടും നൃത്തവും ഉൾക്കൊള്ളിച്ച പ്രൌഡം ഗംഭീരം പരിപാടി എല്ലാവരിലും പുതിയ ഉന്മേഷം നിറച്ചു.

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ സി. രാധാകൃഷ്ണൻ്റെ തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന ബൃഹത് നോവലിനെ ആസ്പദമാക്കി അമേരിക്കൻ മലയാളികൾ രചനയും സംവിധാനവും അവതരണവും നിർവഹിച്ച എഴുത്തച്ഛൻ എന്ന നാടകം അരങ്ങേറി. ഇത്ര ഗഹനമായ ഒരു നോവൽ മനോഹരമായ ദൃശ്യഭാഷയായി അവതരിപ്പിച്ച നാടക പ്രവർത്തകരെ ശ്രീകുമാരൻ തമ്പി അഭിനന്ദിച്ചു. തുടർന്ന് ദിവ്യ ശർമയുടെ കർണാടിക് കച്ചേരി നടന്നു. കുട്ടികളുടെ മാഷ്അപ് ഗാന മേള , ദുർഗ എന്ന നൃത്തശിൽപം എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി.

തുടർന്ന് കുചേലവൃത്തം കഥകളി അരങ്ങേറി. നോർത്ത് അമേരിക്കയിലെ ഗുരുവായൂരപ്പൻ ക്ഷേത്ര തന്ത്രി ദിവാകരൻ നമ്പൂതിരി, ജയശ്രീ ദിനേശ്കുമാർ, അനുപമ ദിനേശ്കുമാർ, പ്രീത, വൃന്ദ, അരുൺ ഹരികൃഷ്ണൻ, കലാമണ്ഡലം ശിവദാസ് എന്നിവർ അതിൻ്റെ ഭാഗമായി. തുടർന്ന് മലയാളത്തിലെ ബഹുമുഖ പ്രതിഭ ശ്രീകുമാരൻ തമ്പിക്കുള്ള ആദരമായി അദ്ദേഹത്തിൻ്റെ പാട്ടുകൾ കോർത്തിണക്കിയ ഗാനസന്ധ്യ നടന്നു. ഓരോ പാട്ടിന്റെയും പിന്നിലെ കഥകൾ അദ്ദേഹം സദസ്സുമായി പങ്കുവച്ചു.

സമ്മേളനം തുടരുകയാണ് ഒട്ടേറെ വൈവിധ്യമാർന്ന പരിപാടികളാണ് ഇന്ന് എല്ലാവരേയും കാത്തിരിക്കുന്നത് എന്ന് പ്രസിഡൻ്റ് ജി. കെ. പിള്ള, കൺവൻഷൻ ചെയർമാൻ ഡോ. രജ്ഞിത് പിള്ള, കൺവീനർ അശോകൻ കേശവൻ, മീഡിയ ചെയർ അനിൽ ആറന്മുള, ട്രസ്റ്റി ബോർഡ് വൈസ്ചെയർമാൻ സോമരാജൻ നായർ, ഡയറക്ടർ ബോർഡ് അംഗം ഡോ. ബിജു പിള്ള എന്നിവർ അറിയിച്ചു.

KHNA global convention began

More Stories from this section

family-dental
witywide