കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി.
തട്ടിക്കൊണ്ടുപോയ കുട്ടിയുടെ സ്‌കൂള്‍ ബാഗിന്റെ ഭാഗങ്ങളും പെന്‍സില്‍ ബോക്‌സുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
പോളച്ചിറയിലെ ഫാം ഹൗസില്‍ നടത്തിയ പരിശോധനയിലാണ് തെളിവുകള്‍ ലഭിച്ചത്. ഫാമിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണ സംഘം പ്രതികളുമായി മടങ്ങി. കുട്ടിയുടെ ബാഗ് കത്തിച്ച് കളഞ്ഞെന്നും വ്യാജ നമ്പര്‍ പ്ലേറ്റ് ആറ്റില്‍ കളഞ്ഞെന്നുമാണ് പ്രതികള്‍ ആദ്യം മൊഴി നല്‍കിയത്.
അതേസമയം, തട്ടിക്കൊണ്ടുപോകലില്‍ പത്മകുമാറിനും കുടുംബത്തിനും മാത്രമാണ് പങ്കെന്ന നിഗമനത്തില്‍ തന്നെയാണ് ഇപ്പോഴും അന്വേഷണ സംഘം.
തട്ടിക്കൊണ്ടു പോകലിന് ശേഷം പത്മകുമാറും കുടുംബവും ഫാം ഹൗസില്‍ എത്തിയിരുന്നുവെന്ന് ഫാം ഹൗസ് ജീവനക്കാരിയുടെ മൊഴിയുമുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കും മുന്നേ പരമാവധി തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.