പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി, അഹമദാബാദിലെ മോദി സ്റ്റേഡിയം തകര്‍ക്കുമെന്നും ഭീഷണി

ന്യൂഡല്‍ഹി: 500 കോടി രൂപ നല്‍കുകയും ജയിലില്‍ കഴിയുന്ന ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയിയെ വിട്ടയക്കുകയും ചെയ്തില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കും ഒപ്പം അഹമബാദാബാദിലെ മോദി സ്റ്റേഡിയം തകര്‍ക്കും എന്നാണ് ഭീഷണി സന്ദേശം. ദേശീയ അന്വേഷണ ഏജന്‍സിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഈമെയില്‍ വഴി എത്തിയ ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എന്‍.എസ്.ജി. രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പടെയുള്ള എല്ലാ ഏജന്‍സികള്‍ക്കും ഭീഷണി സന്ദേശത്തെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍.ഐ.എ കൈമാറി. ദില്ലിയില്‍ പ്രധാനന്ത്രിയുടെ വസതിക്ക് ചുറ്റും സുരക്ഷ കൂടുതല്‍ ശക്തമാക്കി. ഈമെയില്‍ എവിടെ നിന്നാണ് വന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്‌ണോയി 2014 മുതല്‍ തടവില്‍ കഴിയുകയാണ്. ജയിലിനുള്ളില്‍ കിടന്നുകൊണ്ടും ഇയാള്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. പഞ്ചാബ് ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകം ഉള്‍പ്പടെയുള്ള കേസുകളില്‍ ഇയാള്‍ പ്രതിയാണ്. പ്രധാമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന പൊലീസുകള്‍ക്കും കേന്ദ്ര ഏജന്‍സികള്‍ക്കും ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ എല്ലാം വില്‍ക്കുകയാണ്. അപ്പോള്‍ ഞങ്ങള്‍ക്കും എന്തെങ്കിലും വാങ്ങണം. അതുകൊണ്ട് 500 കോടി രൂപ നല്‍കുക, ഒപ്പം ബിഷ്ണോയിയെ വിട്ടയക്കുക. അല്ലെങ്കില്‍ പ്രധാനമന്ത്രിയെ വധിക്കും ഇതാണ് സന്ദേശം.

ഐ.സി.സി വേള്‍ഡ് കപ്പ് അഹമദാബാദ് സ്റ്റേഡിയത്തില്‍ നടക്കുമ്പോഴാണ് ഭീഷണി സന്ദേശം എന്നത് ശ്രദ്ധേയമാണ്. എന്തായാലും സംഭവത്തെ കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംയുക്തമായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.