പ്യോങ്യാങ്: രാജ്യത്തെ അമ്മമാരോട് കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കണ്ണീരോടെ അഭ്യര്‍ഥിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തരകൊറിയയിലെ ജനനനിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തിന് പരിഹാരമെന്നോണമാണ് കിമ്മിന്റെ പുതിയ നിർദേശം. കിം ജോങ് ഉന്‍ അപേക്ഷിക്കുന്നത് കണ്ട് സ്ത്രീകള്‍ ഒന്നടങ്കം കരയുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
ഞായറാഴ്ച രാജ്യത്തെ അമ്മമാരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കിം വികാരാധീനനായത്. ജനനനിരക്ക് കുറയുന്നത് തടയുക, നല്ല ശിശുപരിപാലനം എന്നിവയെല്ലാം കര്‍ത്തവ്യങ്ങളാണ്.ദേശീയ ശക്തിക്ക് കരുത്തുപകരാന്‍ ജനനനിരക്ക് കുറയുന്നത് തടയേണ്ടത് സ്ത്രീകളുടെ കര്‍ത്തവ്യമാണ്. ഇക്കാര്യത്തില്‍ അമ്മമാര്‍ വഹിക്കുന്ന പങ്കിന് കിം ജോങ് ഉന്‍ നന്ദി പറഞ്ഞു.
പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും കാര്യങ്ങള്‍ ചെയ്യുന്നതിനിടെ ബുദ്ധിമുട്ടുണ്ടാകുമ്പോഴെല്ലാം താനും അമ്മമാരെ കുറിച്ച് ചിന്തിക്കാറുണ്ടെന്നും കിം പറഞ്ഞു. 2023 ലെ യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്ക് അനുസരിച്ച് ഉത്തരകൊറിയയിലെ സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.79 ആണ്. 2014ല്‍ ഇത് 1.88 ആയിരുന്നു.