റഷ്യയുടെ ആയുധപ്പുരയും ആണവയുദ്ധക്കപ്പലും സന്ദർശിച്ച് കിം ജോങ് ഉൻ

മോസ്കോ: റഷ്യയിലുള്ള ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ റഷ്യയിലെ ആയുധപ്പുരകൾ സന്ദർശിച്ചു. ഹൈപർ സോണിക് മിസൈലുകളും ആണവ ബോംബർ വിമാനങ്ങളും യുദ്ധക്കപ്പലുകളും മറ്റു ആയുധങ്ങളും അദ്ദേഹം നടന്നുകണ്ടു.

റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൈഗും ഉന്നത സൈനികോദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉൾപ്പെടെയുള്ളവരുമായി കിം ജോങ് ഉൻ കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളും ആയുധ കൈമാറ്റ കരാറിൽ ഒപ്പിടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

കിമ്മും ഷൈഗും ഒരുമിച്ചാണു പസിഫിക് സമുദ്രത്തിലെ അഡ്മിറൽ ഷപോഷ്നികോവ് യുദ്ധക്കപ്പലിലെത്തിയത്. ഉത്തരകൊറിയൻ വ്യോമ, നാവികസേനകളിലെ ഉന്നത ജനറൽമാരും കിമ്മിനെ അനുഗമിച്ചു.

കഴിഞ്ഞദിവസം കിഴക്കൻ നഗരമായ കോംസോംൽസ്കിൽ 2 പോർവിമാന ഫാക്ടറികൾ സന്ദർശിച്ചതിനു പിന്നാലെ ഇന്നലെ കിം, റഷ്യൻ യുദ്ധക്കപ്പലിൽ ആണവ ബോംബർ വിമാനങ്ങളും ഹൈപ്പർസോണിക് മിസൈലുകളും നിരീക്ഷിച്ചു.