ജിഎസ്ടി വിഹിതം 332 കോടി വെട്ടിക്കുറച്ചു; സംസ്ഥാനങ്ങളെ കേന്ദ്രം പരിഗണിക്കുന്നത് തുല്യരീതിയില്‍ അല്ലെന്ന് ധനമന്ത്രി

പാലക്കാട്: സംസ്ഥാനങ്ങളെ കേന്ദ്രം പരിഗണിക്കുന്നത് തുല്യരീതിയില്‍ അല്ലെന്ന ആരോപണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ജിഎസ്ടി വിഹിതത്തില്‍ കേരളത്തിന് കിട്ടേണ്ട തുകയില്‍ 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്നും ധനമന്ത്രി വിമര്‍ശിച്ചു. സാധാരണയായി 28നാണ് ജിഎസ്ടി വിഹിതത്തില്‍ കിട്ടേണ്ട ഫണ്ട് ലഭിക്കാറുള്ളത്. 1450 കോടിയാണ് സംസ്ഥാനം പ്രതീക്ഷിച്ചത്. എന്നാല്‍ കിട്ടിയ തുകയില്‍ 332 കോടി രൂപയുടെ കുറവുണ്ടായിരുന്നു.

ഇത്ര വലിയ തുകയുടെ കുറവ് വാസ്തവത്തില്‍ ഒരു ബോംബ് ഇടുന്നത് പോലെയാണ് അനുഭവപ്പെടുന്നതെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ധനകാര്യ അവസ്ഥയില്‍ ഇങ്ങനെയൊരു വല്യ ആക്രമണമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ സംസ്ഥാനം കേന്ദ്രത്തിന് കത്തയിച്ചിട്ടുണ്ട്. 332 കോടി കുറവാണ് എന്ന് കേന്ദ്രം പറയുന്നതിന് ഒരടിസ്ഥാനവും മനസിലാകുന്നില്ല. അത് എങ്ങനെയാണ് കാല്‍ക്കുലേറ്റ് ചെയ്തതെന്നും ധാരണയില്ല.

ജിഎസ്ടി വിഹിതത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീതം വയ്ക്കുന്ന പണത്തെ സംബന്ധിച്ച് കുറെക്കാലമായി തര്‍ക്കങ്ങളുള്ളതാണ്. കഴിഞ്ഞ വര്‍ഷത്തില്‍ പതിനെട്ടായിരം കോടിയുടെ കുറവാണ് ഉണ്ടായതെങ്കില്‍ അത് ഇത്തവണ 21,000 കോടിയാകുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റ് തുല്യമായ പരിഗണനയല്ല എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നത്. കേരളത്തിന് അര്‍ഹമായ നികുതിവിഹിതത്തില്‍ വലിയ വെട്ടിക്കുറവ് വന്നിട്ടുണ്ട്. ഏറ്റവും വലിയ വെട്ടിക്കുറവ് വന്ന സംസ്ഥാനം കേരളമാണ് എന്നും കെഎന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു.

More Stories from this section

family-dental
witywide