കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടന്‍ വിനായകനെതിരായ നിയമനടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ഡിസിപി എസ് ശശിധരന്‍. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് നടനെതിരെ കേസ് എടുത്തത്. ഇത് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഡിസിപി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് ഉദ്യഗസ്ഥരോട് മോശമായി പെരുമറിയതിനും വിനായകനെതിരെ പ്രത്യേകം കേസ് എടുത്തിട്ടുണ്ട്. രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണത്. പൊലീസുകാരെ തെറിപറഞ്ഞിട്ടുണ്ടോ എന്നറിയാനായി വീഡിയോ ദൃശ്യം വീണ്ടും പരിശോധിക്കുമെന്നും അതിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും ഡിസിപി പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ നടനെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി വിട്ടയച്ചെന്ന ആരോപണത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു ഡിസിപി.
പൊലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ലെന്നും വിനായകന്റെ ഭാര്യയുടെ പരാതില്‍ അന്വേഷണം നടക്കുകയാണെന്നും ഡിസിപി പറഞ്ഞു. വിനായകനുമായി ബന്ധപ്പെട്ട വ്യക്തിപരമായ വിഷയത്തില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ഇടപെട്ടത്. അതയാളുടെ വ്യക്തിപരമായ വിഷയമായതിനാല്‍ ആ പരാതി പരസ്യമാക്കുന്നില്ലെന്നും ഡിസിപി പറഞ്ഞു. വിനായകന്‍ ഇതിനു മുന്‍പും സ്റ്റേഷനിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു.