തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം അന്തരിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വെക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. അവസാനമായി തിരുവനന്തപുരത്ത് എത്തണമെന്ന് കോടിയേരിക്ക് ആഗ്രഹമുണ്ടായിരുന്നു. തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടുപോകണമെന്ന് പാര്‍ടി നേതൃത്വത്തെ മക്കളായ ബിനോയിയും ബിനീഷും അറിയിച്ചിരുന്നു. പക്ഷെ, പാര്‍ടി എന്തുകൊണ്ടോ അത് വേണ്ടെന്ന് വച്ചു.
കോടിയേരി നിറഞ്ഞുനിന്ന തിരുവന്തപുരത്ത് അദ്ദേഹത്തിന് ആദരം അര്‍പ്പിക്കാനുള്ള അവസരം ഉണ്ടാക്കാന്‍ കുടുംബത്തിന് താല്പര്യം ഉണ്ടായിരുന്നു എന്ന് ഇപ്പോള്‍ പറയുന്നത് അദ്ദേഹത്തിന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനാണ്. എം.വി.ഗോവിന്ദനോട് അക്കാര്യം പറയുകയും ചെയ്തതാണ്. പക്ഷെ, അത് പാര്‍ടി സമ്മതിച്ചില്ല. കുടുംബത്തെ വിശ്വാസത്തിലെടുത്താണ് അന്ന് തിരുവനന്തപുരത്തേക്ക് കോടിയേരിയുടെ ഭൗതിക ശരീരം കൊണ്ടുപേകേണ്ടെന്ന് തീരുമാനിച്ചതെന്നാണ് പാര്‍ടിയുടെ വിശദീകരണം. പാര്‍ടിക്കുള്ളില്‍ ഉയര്‍ന്ന വിമര്‍ശനത്തിനായിരുന്നു നേതൃത്വത്തിന്റെ ഈ വിശദീകരണം.
കോടിയേരിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തിലാണ് പാര്‍ടി നേതൃത്വത്തിന്റെ തീരുമാനത്തിലെ അതൃപ്തി വിനോദിനി ബാലകൃഷ്ണന്‍ തുറന്നുപറഞ്ഞത്. കോടിയേരിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി. നടന്‍ കുഞ്ചാക്കോ ബോബനും കോടിയേരിയുടെ വീട്ടിലെത്തിയിരുന്നു.