
കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ പിടിയിലായ പത്മകുമാറിനെ കുട്ടി ഫോട്ടോയിൽനിന്ന് തിരിച്ചറിഞ്ഞു. പത്തിലധികം ചിത്രങ്ങൾ അന്വേഷണ സംഘം കുട്ടിയെ കാണിച്ചു.
തട്ടിക്കൊണ്ടുപോയതിനു പിന്നിൽ കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യമാണെന്ന് കസ്റ്റഡിയിലുള്ള പത്മകുമാർ മൊഴി നൽകി. പണം നൽകിയിട്ടും മകൾക്ക് നഴ്സിങ് പ്രവേശനം ലഭിച്ചില്ലെന്നും കുടുംബത്തെ ഭയപ്പെടുത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നുമാണ് പത്മകുമാർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ചാത്തന്നൂർ സ്വദേശിയായ കെ.ആർ. പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്. കേസിൽ ഭാര്യക്കും മകൾക്കും പങ്കില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലിൽനിന്നു മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.