രണ്ട് കുട്ടികളെയും തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നു; അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിലേക്കും

തിരുവനന്തപുരം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പത്മകുമാർ ക്വട്ടേഷൻ സംഘത്തിന്റെ അടക്കം സഹായം തേടിയതായാണ് സൂചന. ക്വട്ടേഷൻ സംഘങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മറ്റൊരു സംഘത്തിന്റെ സഹായം ലഭിച്ചിരുന്നതായി പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കി. ഈ സംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. രണ്ട് കുട്ടികളെയും തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാല്‍ ആണ്‍കുട്ടി പ്രതിരോധിച്ചതോടെ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. രണ്ട് കുട്ടികളെയും കൊണ്ടുപോയി രഹസ്യമായി പണം വാങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. സഹോദരന്‍ വിവരം പുറത്തറിയച്ചതോടെയാണ് ശ്രമം പരാജയപ്പെട്ടത്.

മകൾക്കും ഭാര്യക്കും പങ്കില്ലെന്നാണ് പത്മകുമാർ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. തന്നെ കൊണ്ടുപോയി താമസിപ്പിച്ച വീട്ടിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചതും ഒരു സ്ത്രീയായിരുന്നു. കടയിലെത്തി തന്റെ ഫോണ്‌‍ ആവശ്യപ്പെട്ടത് ഒരു സ്ത്രീയാണെന്ന് പാരിപ്പള്ളിയിലെ വ്യാപാരിയും പറഞ്ഞിരുന്നു. ഈ ഫോണിൽ നിന്നാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്.

ചിറക്കരയിലെ പ്രതിയുടെ മൂന്നേക്കറുള്ള ഫാം ഹൗസിലാണ് കുട്ടിയെ പാര്‍പ്പിച്ചിരുന്നത്. ഒറ്റ നിലയുള്ള ഓടിട്ട വീട്ടിലാണ് പാര്‍പ്പിച്ചിരുന്നതെന്ന് കുട്ടിയും മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലെ ആറ് നായകളെ പത്മകുമാര്‍ ചിറക്കരയിലെ ഫാമിലേക്ക് മാറ്റിയത്. പ്രതി ഇന്ന് തമിഴ്‌നാട്ടില്‍ നിന്ന് വിളിച്ചതായും ഫാമിലെ ജീവനക്കാരി പൊലീസിനോട് പറഞ്ഞു. 

More Stories from this section

family-dental
witywide