കൊല്ലം: ഓയൂരില്‍ നിന്ന് അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ സംഘം അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചുവെന്ന് വിവരം. കുട്ടിയോട് പല വിവരങ്ങളും തെറ്റായി വീട്ടില്‍ പറയണമെന്ന് പറഞ്ഞേല്‍പ്പിച്ചിരുന്നു. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണുണ്ടായിരുന്നത്. എന്നാല്‍ വീട്ടിലെത്തി പപ്പ ചോദിക്കുമ്പോള്‍ രണ്ട് അങ്കിളും ഒരു ആന്റിയുമാണ് ഉണ്ടായിരുന്നതെന്ന് പറയണമെന്ന് അവര്‍ പറഞ്ഞുവെന്നും അബിഗേല്‍ പറഞ്ഞു.
ഓട്ടോയിലാണ് ആശ്രാമം മൈതാനത്തേക്ക് തന്നെ കൊണ്ടുവന്നത്. എന്നാല്‍ ഒരു നീല കാറിലാണ് വന്നതെന്ന് പപ്പയോട് പറയണമെന്നായിരുന്നു കൂടെ വന്ന ആന്റി പറഞ്ഞേല്‍പ്പിച്ചതെന്നും അബിഗേല്‍ പറഞ്ഞു. കാറില്‍ കൊണ്ടു പോയ ശേഷം രാത്രി ഒരു വലിയ വീട്ടിലാണ് താമസിപ്പിച്ചത്. ലാപ്‌ടോപ്പില്‍ ടോം ആന്റ് ജെറി കാര്‍ട്ടൂണ്‍ കാണിച്ചു.
ആദ്യം ചോക്ലേറ്റും പിന്നെ കേക്കും തന്നു. രാത്രി പൊറോട്ടയും ചിക്കനും വാങ്ങിത്തന്നു. ഷീറ്റ് വിരിച്ചാണ് ഉറക്കിയത്. രാവിലെയും പൊറോട്ടയും ചിക്കനും തന്നു. കാറില്‍ വരുമ്പോള്‍ പ്രതികള്‍ മുഖംമൂടി ധരിച്ചിരുന്നില്ലെന്നും പക്ഷേ വഴികളൊന്നും അറിയില്ലെന്നും അബിഗേല്‍ പറഞ്ഞു. കുട്ടി പറയുന്നതില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം അബിഗേല്‍ സാറയെ വൈകീട്ടോടെ വീട്ടിലേക്ക് കൊണ്ടുവരുമെന്ന് കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞു.