കൂടത്തായി നെറ്റ്ഫ്ലിക്സിലൂടെ ചുരുളഴിയും; ജോളി കേസ് ഡോക്യുമെന്ററി പ്രേക്ഷകരിലേക്ക്

കൂടത്തായി കൊലപാതക പരമ്പര കേസിനെ ആസ്പദമാക്കി നെറ്റ്ഫ്ലിക്‌സ് ഒരുക്കുന്ന ഡോക്യുമെന്ററി ഉടന്‍ പുറത്തിറങ്ങും. ‘കറി ആന്റ് സയനൈഡ്’ എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ഡോക്യുമെന്ററി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ സ്ട്രീമിങ് ആരംഭിക്കും. പോലീസ്, അഭിഭാഷകര്‍, ജോളിയുടെ മകന്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ഡോക്യുമെന്റിയുടെ ഭാഗമാകും.

ഇന്ത്യാ ടുഡേ ഒറിജിനൽസ് നിർമ്മിച്ച പരമ്പര ഡിസംബർ 22 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. ദേശീയ അവാർഡ് ജേതാവ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഡോക്യുമെൻ്ററിയുടെ കഥാകൃത്ത് ശാലിനി ഉഷാദേവിയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചാന്ദ്‌നി അഹ്ലാവത് ദബാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: മൗമിത സെൻ, സൂപ്പർവൈസിംഗ് എഡിറ്റർമാർ: സാച്ച് കാഷ്കെറ്റ്, ജെയിംസ് ഹേഗുഡ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

2019 ലാണ് നാടിനെ നടുക്കിയ കൊലപാതകങ്ങളുടെ കഥ പുറം ലോകം അറിയുന്നത്. 2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു കൂടത്തായി കൂട്ടകൊലകേസിലെ പ്രതി ജോളി അറസ്റ്റിലായത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മാത്യു, സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.

2002ലായിരുന്നു ആദ്യ കൊലപാതകം നടന്നിരുന്നത്. ജോളിയുടെ അമ്മായിയമ്മ അന്നമ്മ തോമസായിരുന്നു ആദ്യം കൊല്ലപ്പെട്ടത്. 2008ല്‍ അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ് ശ്വാസംമുട്ടി കുഴഞ്ഞുവീണ് മരിച്ചു. ജോളി ജോസഫ് രണ്ട് തവണയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

2011ലായിരുന്നു മൂന്നാമത്തെ കൊലപാതകം നടന്നത്. ജോളിയുടെ അന്നത്തെ ഭര്‍ത്താവ് റോയ് തോമസിനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷത്തിന്റെ അംശം കണ്ടെത്തി. പിന്നാലെ 2014ല്‍ റോയ് തോമസിന്റെ മാതൃസഹോദരന്‍ മാത്യുവും റോയ് തോമസിന്റെ ബന്ധുവിന്റെ മകള്‍ ആല്‍ഫിനും കൊല്ലപ്പെട്ടു. 2016ല്‍ ജോളി ആല്‍ഫിന്റെ അമ്മ സിലിയെയും കൊലപ്പെടുത്തി.

More Stories from this section

family-dental
witywide