കുസാറ്റ് ദുരന്തം; ആഘോഷങ്ങളില്ലാതെ കോഴിക്കോട് ജില്ലയില്‍ നവകേരള സദസ്സ്

കോഴിക്കോട്: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാര്‍ത്ഥികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള സദസ്സിന്റെ കോഴിക്കോട് ജില്ലയിലെ ആഘോഷ പരിപാടികള്‍ ഒഴിവാക്കി. കുസാറ്റ് അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനവും വേദിയിലെ ആഘോഷങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

സംഭവത്തെതുടര്‍ന്ന് കോഴിക്കോട് നടക്കുന്ന നവകേരള സദസ്സിലെ പരിപാടി ഒഴിവാക്കി മന്ത്രിമാര്‍ കളമശ്ശേരിയിലേക്ക് തിരിച്ചിരുന്നു. മന്ത്രിമാരായ പി. രാജീവ്, ആര്‍. ബിന്ദു എന്നിവരാണ് കോഴിക്കോട്ടുനിന്നും കളമശ്ശേരിയിലേക്ക് ഉടന്‍ തന്നെ എത്തിയത്. ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആരോഗ്യമന്ത്രി കോഴിക്കോടുനിന്ന് ഏകോപനം ചെയ്തു. അതേസമയം നവകേരള സദസ്സിന്റെ കോഴിക്കോട് ജില്ലയിലെ പരിപാടികള്‍ ഇന്ന് പൂര്‍ത്തിയാകും.

പ്രതിപക്ഷ ബഹിഷ്‌കരണം തള്ളി കുന്ദമംഗലം മുന്‍ മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ എന്‍ അബൂബക്കര്‍ പ്രഭാത സദസില്‍ പങ്കെടുത്തിരുന്നു. ഓമശ്ശേരിയിലെ സ്നേഹതീരം കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു പ്രഭാത സദസ്സ്. തിരുവമ്പാടി, കൊടുവള്ളി, കുന്നമംഗലം, ബേപൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇന്നത്തെ പരിപാടികള്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കോഴിക്കോട് ജില്ലയില്‍ നിന്ന് 30900 പരാതികളാണ് ലഭിച്ചത്. നവകേരള സദസ്സ് ഇന്നത്തോടെ നാല് ജില്ലകള്‍ പൂര്‍ത്തിയാക്കും.

More Stories from this section

family-dental
witywide