‘റോബിന്’ ചെക്ക് വയ്ക്കാൻ കെഎസ്ആർടിസി; പുതിയ എ സി വോൾവോ ബസ് സർവീസ് തുടങ്ങും

പത്തനംതിട്ട: വിവാദ ബസ്സായ ‘റോബിനെ’ പൂട്ടാൻ എ സി വോൾവോ ബസ് ഇറക്കി കെഎസ്ആർടിസി. റോബിന്‍ ബസ് സർവീസ് നടത്തുന്ന പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിലാണ് നാളെ മുതൽ പുലർച്ചെ 4.30ന് കെഎസ്ആർടിസിയുടെ പുതിയ സർവീസ് തുടങ്ങുന്നത്. 11.30ന് കോയമ്പത്തൂരിലെത്തും.

റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ്.

അതേസമയം, കേരളത്തിൽ മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് സർവീസ് നടത്തിയ റോബിൻ ബസിന് തമിഴ്‌നാട്ടിലും പിഴയിട്ടിരുന്നു. 70,410 രൂപയാണ് ചാവടി ചെക്ക് പോസ്റ്റിൽ അടക്കേണ്ടി വന്നത്. അനുമതിയില്ലാതെ സർവീസ് നടത്തിയതിനാണ് നടപടി. അനധികൃതമായി സർവീസ് നടത്തിയതിന് ബസ് പിടിച്ചിട്ടതോടെ, ഒരാഴ്ചത്തെ ടാക്സും പിഴയും അടച്ച് വാഹന ഉടമ സർവീസ് തുടരുകയായിരുന്നു. ഈ തുകയടച്ചതോടെ നവംബർ 24 വരെ തമിഴ്നാട്ടിലേക്ക് സർവീസ് നടത്താനാവും.

റോബിനെ കേരളത്തിൽ നാലു തവണ തടഞ്ഞിരുന്നു. തൃശൂർ പുതുക്കാട്ടു വച്ചാണ് നാലാം തവണ എംവിഡി ഉദ്യോഗസ്ഥർ തടഞ്ഞത്. നേരത്തേ, അങ്കമാലിയിൽവച്ചും പാലായിൽവച്ചും പത്തനംതിട്ടയിൽവച്ചും ബസ് എംവിഡി തടഞ്ഞിരുന്നു. പിന്നാലെ ഉദ്യോഗസ്ഥരെ കൂകിവിളിച്ചു നാട്ടുകാർ പ്രതിഷേധിച്ചു. വഴിനീളെ ബസിന് സ്വീകരണങ്ങൾ നൽകുകയും ചെയ്തു.

More Stories from this section

family-dental
witywide