യാത്രപ്പടി ഇനത്തില്‍ കെടിയു സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ലക്ഷങ്ങള്‍ കൈപ്പറ്റുന്നതായി വിജിലന്‍സില്‍ പരാതി; പികെ ബിജു മാത്രം 12 ലക്ഷം

തിരുവനന്തപുരം: കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ യാത്രാപ്പടി, സിറ്റിംഗ് ഫീസ് ഉള്‍പ്പെടെ ലക്ഷങ്ങള്‍ കൈപ്പറ്റിയതായി ചൂണ്ടിക്കാട്ടി വിജിലന്‍സില്‍ പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയില്‍ കമ്മിറ്റിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. വിവിധ ഇനത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രതിവര്‍ഷം കൈപ്പറ്റിയ തുക സംബന്ധിച്ച് അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ചോദ്യത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ലക്ഷങ്ങളുടെ കണക്ക് പുറത്തുവന്നത്.

ലഭ്യമായ രേഖകള്‍ പ്രകാരം ആലത്തൂര്‍ മുന്‍ എംപിയും സിപിഎം നേതാവുമായ പി കെ ബിജു മാത്രം പന്ത്രണ്ടു ലക്ഷത്തിലധികം രൂപയാണ് രണ്ടു വര്‍ഷത്തിനിടെ കൈപ്പറ്റിയത്. എല്ലാ മീറ്റിംഗുകള്‍ക്കും ബിജു തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരം വരെയുള്ള യാത്രാപ്പടിയാണ് കൈപ്പറ്റിയിരിക്കുന്നത്. എന്നാല്‍ ബിജുവിനെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിലും യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിലും നിയമസഭയില്‍ നല്‍കിയ മറുപടിയിലും കോട്ടയം ജില്ലയിലുള്ള മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നത്. 12,20,898 രൂപയാണ് പി കെ ബിജു യൂണിവേഴ്സിറ്റിയില്‍ നിന്ന് എഴുതി വാങ്ങിയിരിക്കുന്നത്.

കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടിഎ സിറ്റിങ് ഫീ, ഇന്‍സ്‌പെക്ഷന്‍ ഫീ എന്നീ ഇനത്തില്‍ ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റുന്നത് കെടിയുവിലെ സിന്‍ഡിക്കേറ്റ് അംഗങ്ങളാണെന്നാണ് പരാതി. 2014 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റില്‍ 2021 മുതല്‍ ആറുപേരെ കൂടി അധികമായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഇവരാണ് ഏറ്റവും കൂടുതല്‍ തുക യാത്രാപ്പടി കൈപ്പറ്റിയതെന്ന് നിയമസഭയില്‍ നല്‍കിയ ഉത്തരത്തില്‍ പറയുന്നു. എന്നാല്‍ ഇവരെ സിന്റിക്കേറ്റംഗങ്ങളാക്കിക്കൊണ്ടുള്ള നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവച്ചിട്ടുമില്ല.

ഡോ:പി. കെ. ബിജു(12,20898), ഡോ:സഞ്ജീവ്(10,88777), അഡ്വ: ഐ.സാജു (10,84610) ഡോ: B.S. ജമുന -റിട്ട: കേരള യൂണിവേഴ്‌സിറ്റി പ്രൊഫ: (628316), ഡോ: വിനോദ് കുമാര്‍ (7,26613), ഡോ:ജി വേണുഗോപാല്‍(8,93779) പ്രൊ:പി.ഒ.ജെ ലബ്ബ (5,97273), ഡോ: സതീഷ് കുമാര്‍(1,85374), സച്ചിന്‍ദേവ് MLA(1,78939), I.B.സതീഷ് MLA(39448), ഡോ:മധുസൂദനന്‍(25008), അബ്ദുല്‍ അസിസ്(9134) വിനോദ് മോഹന്‍(16500), U.P.അക്ഷയ് (15000). എന്നിങ്ങനെയാണ് അനധികൃതമായി പണം കൈപ്പറ്റിയവരുടെ പേരും പണവും സംബന്ധിച്ച വിവരങ്ങള്‍.

യുണിവേഴ്സിറ്റിയുടെ സിന്‍ഡിക്കേറ്റ് മീറ്റിങിനുള്ള ഓരോ യാത്രക്കും സിറ്റിങ് ഫീസിനു പുറമെ പതിനായിരത്തിലധികം രൂപയാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യാത്രപ്പടിയായി വാങ്ങുന്നതെന്നാണ് ആരോപണം. കോളേജ് പരിശോധനയ്ക്ക് ചുമതലപെടുത്തുന്ന കേരള, കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ 750 രൂപ കൈപ്പറ്റുമ്പോള്‍ കെടിയു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ 5000 രൂപയാണ് ഒരു കോളേജ് ഇന്‍സ്‌പെക്ഷന് കൈപ്പറ്റുന്നതെന്നും വിജിലന്‍സ് പരാതിയില്‍ പറയുന്നു. കെടിയു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നടത്തുന്ന തട്ടിപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സമിതി നിവേദനം നല്‍കിയിട്ടുണ്ട്.

More Stories from this section

family-dental
witywide