‘കലാപകാരികള്‍ക്ക് സർക്കാർ പിന്തുണ’; മണിപ്പൂരില്‍ എന്‍ഡിഎ മുന്നണിവിട്ട് സഖ്യകക്ഷി

ഇംഫാല്‍: മണിപ്പൂരിലെ കലാപ സാഹചര്യം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് സഖ്യകക്ഷി. രണ്ട് എംഎൽഎമാരുള്ള കുക്കി പീപ്പിൾസ് അലയൻസാണ് (കെ.പി.എ) വെള്ളിയാഴ്ച എന്‍ഡിഎ മുന്നണി വിട്ടത്. ഗവർണർ അനുസൂയ യുകിക്ക് ഇ-മെയിൽ വഴി കെെമാറിയ കത്തിലൂടെയാണ് കുക്കി പീപ്പിൾസ് അലയൻസ് മുന്നണി വിടുന്ന വിവരം അറിയിച്ചത്.

“അക്രമസംഭവങ്ങള്‍ തുടര്‍ക്കഥയായ സംസ്ഥാനത്ത് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടും സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇനിയും സർക്കാരിനൊപ്പം നില്‍ക്കുന്നതില്‍ ഫലമില്ലെന്നും, അതിനാല്‍ പിന്തുണ പിന്‍വലിക്കുന്നുവെന്നും കെ.പി.എ അധ്യക്ഷന്‍ ടോങ്‌മാംഗ് ഹാക്കിപ്പ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. മെയ്തേയ് കലാപകാരികള്‍ക്ക് സർക്കാരിന്റെ പിന്തുണയോടെയാണ് ആയുധങ്ങള്‍ ലഭിക്കുന്നതെന്ന ഗുരുതര ആരോപണവും ടോങ്‌മാംഗ് ഹാക്കിപ്പ് ഉയർത്തിയിട്ടുണ്ട്.

KPA President Tongmang Haokip
കെപിഎ അധ്യക്ഷന്‍ ടോങ്‌മാംഗ് ഹാക്കിപ്പ്

സൈകുല്‍ മണ്ഡലത്തില്‍നിന്നുള്ള കിംനിയോ ഹാവോകിപ് ഹാങ്ഷിങ്, സിന്‍ഘട്ട് മണ്ഡലത്തില്‍നിന്നുള്ള ചിന്‍ലുന്‍താങ് എന്നീ എംഎല്‍എമാരാണ് കെപിഎ പാർട്ടിക്കുണ്ടായിരുന്നത്. 60 അംഗങ്ങളുള്ള നിയമസഭയില്‍ നിന്ന് ഈ രണ്ട് എംഎല്‍എമാർ നഷ്ടമാകുന്നത് ബിരേന്‍ സർക്കാരിനെ നേരിട്ട് ബാധിക്കില്ലെങ്കിലും, സർക്കാരിനെതിരെ മുന്നണിക്ക് അകത്ത് അസ്വാരസ്യങ്ങള്‍ ശക്തിപ്പെടുന്നതിന്റെ സൂചനയാണ് കെപിഎയുടെ പിന്മാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ശനിയാഴ്ച ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയിലുണ്ടായ സംഘർഷത്തില്‍ ആറുപേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് കെപിഎ പിന്മാറ്റം പ്രഖ്യാപിച്ചത്. ഇംഫാൽ മുതൽ ബിഷ്ണുപൂർ വരെയുള്ള മേഖലകളിൽ വ്യാപക അക്രമങ്ങളാണ് നടന്നത്. ബിഷ്ണുപൂരിൽ സൈന്യത്തിന് നേരെയും ആക്രമണം നടന്നു. ക്വാക്ടയിൽ മെയ്തേയി വിഭാഗത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടതോടെയാണ് ആക്രമണം പൊട്ടിപുറപ്പെട്ടത്.

അതേസമയം, സംസ്ഥാനത്തുടനീളം വിന്യസിക്കാൻ 900 സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി കേന്ദ്രം ഇംഫാലിലേക്ക് അയച്ചു. മെയ് 3 ന് കലാപം ആരംഭിച്ചതിനുശേഷം 40,000 സൈനികരെയും അർദ്ധസൈനിക വിഭാഗത്തെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ആയുധങ്ങൾ കണ്ടെത്താനുള്ള സുരക്ഷസേനയുടെയും പൊലീസിന്റെയും പരിശോധന തുടരുകയാണ്. മെയ്തേയ് മേഖലകളിൽ നിന്ന് 1057 തോക്കുകളും 14000 വെടിയുണ്ടകളും പിടികൂടി. കുക്കി മേഖലയിൽ നിന്ന് 138 തോക്കുകളും കണ്ടെത്തി.

Also Read

More Stories from this section

family-dental
witywide