കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു; ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു ഹൈക്കോടതിയില്‍. കേരളത്തിലെ സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട് ഉണ്ടാകുന്ന ആദ്യ ദുരന്തം എന്ന നിലയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ കത്ത് സര്‍വകലാശാല രജിസ്ട്രാര്‍ അവഗണിച്ചതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍വകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. കെഎസ് യുവിന്റെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. കുസാറ്റ് ദുരന്തത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേരാണ് മരിച്ചത്.

അതേസമയം കുസാറ്റ് ടെക്ഫെസ്റ്റ് അപകടത്തെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. അപകടത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും സംഘാടകരുടേയും സര്‍വ്വകലാശാലയുടേയും ഭാഗത്ത് നിന്നുണ്ടായ വീഴ്ചയേക്കുറിച്ചും അന്വേഷണം നടത്താനും ഉത്തരവാദികള്‍ ആരെന്ന് കണ്ടെത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് ജില്ലാ കടക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി സബ്കലക്ടര്‍ പി വിഷ്ണുരാജിനാണ് അന്വേഷണ ചുമതല.

More Stories from this section

family-dental
witywide