കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്ലിം ലീഗ് എംഎല്‍എ; രാഷ്ട്രീയമില്ലെന്ന് ലീഗ്

തിരുവനന്തപുരം: കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്ലീം ലീഗ് എംഎല്‍എയ്ക്ക് ക്ഷണം. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എംഎല്‍എയുമായ പി അബ്ദുല്‍ ഹമീദിനെയാണ് ഭരണ സമിതി അംഗമാക്കുന്നത്. യുഡിഎഫുമായി കൂടിയാലോചിച്ചാണ് തീരുമാനം. ഇതാദ്യമായാണ് കേരള ബാങ്കില്‍ യുഡിഎഫില്‍ നിന്നുള്ള എംഎല്‍എ ഭരണ സമിതി അംഗമാകുന്നത്. നിലവില്‍ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് അബ്ദുള്‍ ഹമീദ്.

ലീഗ് എംഎല്‍എയെ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ രാഷ്ട്രീയമില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. സഹകരണ മേഖലയില്‍ ഒന്നിച്ചു പോകണമെന്നാണ് ലീഗ് നിലപാട്. ലീഗിന്റെ പ്രാതിനിധ്യം നേരത്തെയുള്ള സംവിധാനങ്ങളുടെ തുടര്‍ച്ചയാണെന്നും പിഎംഎ സലാം പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിയോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും പാര്‍ട്ടി ആര്‍ക്കും നിര്‍ദേശം കൊടുത്തിട്ടില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.

കേരള ബാങ്കില്‍ നിലവില്‍ മലപ്പുറം ജില്ലയില്‍ നിന്നും പ്രതിനിധിയില്ല. അതുകൂടി കണക്കിലെടുത്താവും മുസ്ലിം ലീഗ് പ്രതിനിധിയെന്ന നിലയില്‍ തന്നെ ബോര്‍ഡ് ഭരണസമിതിയിലേക്ക് നോമിനേറ്റ് ചെയ്തതെന്ന് അബ്ദുള്‍ ഹമീദ് പറഞ്ഞു. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലാണ്. ഇതിനിടെയാണ് പുതിയ തീരുമാനം.

More Stories from this section

family-dental
witywide