‘ലിയോ’ സംവിധായകനെ കാണാന്‍ ഇടിച്ചു കയറി ആരാധകര്‍; പ്രമോഷനായി കേരളത്തിലെത്തിയ ലോകേഷ് കനകരാജിന് പരിക്ക്

പാലക്കാട്: ആരാധകരെ ഇളക്കി മറിച്ച് തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ഇളയ ദളപതി വിജയ് ചിത്രം ലിയോയുടെ പ്രമോഷനായി കേരളത്തില്‍ എത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് പരിക്ക്. ലോകേഷിനെ കാണാനെത്തിയ പ്രേക്ഷകരുടെ തിക്കിനും തിരക്കിനുമിടയിലാണ് കാലിനു പരുക്കേറ്റത്. പാലക്കാട് അരോമ തിയറ്ററില്‍ എത്തിയ സംവിധായകനെ കാണാന്‍ നൂറ് കണക്കിന് ആരാധകരാണ് തടിച്ചു കൂടിയത്.

നിയന്ത്രണങ്ങള്‍ മറികടന്ന് അതിരുവിട്ട ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തി വീശേണ്ടി വന്നു. ഇതിനിടെ ഇടിച്ചു കയറിയ ജനക്കൂട്ടത്തിനിടയില്‍പ്പെട്ട് ലോകേഷിന് പരുക്കേല്‍ക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ലിയോ പ്രൊമോഷന്റെ ഭാഗമായി ലോകേഷ് കനകരാജ് കേരളത്തില്‍ എത്തിയത്. പല സ്ഥലങ്ങളിലും ലിയോയുടെ പ്രമോഷന്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പാലക്കാട് അരോമ തിയറ്ററില്‍ നിന്ന് കാലിന് പരുക്കേറ്റതോടെ കേരളത്തിലെ മറ്റു പ്രൊമോഷന്‍ പരിപാടികള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

കാലിന് പരിക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങിയതോടെ ഇന്ന് നടത്താനിരുന്ന തൃശൂര്‍ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും വിസിറ്റുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നടത്താനിരുന്ന പ്രെസ്സ് മീറ്റ് മറ്റൊരു ദിവസം നടത്തുമെന്ന് ലോകേഷ് അറിയിച്ചു. ആരാധകരുടെ തിരക്ക് ഉണ്ടാകുമെന്നതിനാല്‍ സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണ്ണ രീതിയിലുള്ള സുരക്ഷ ഗോകുലം മൂവീസ് ഒരുക്കിയിരുന്നു. എന്നാല്‍ ജനക്കൂട്ടത്തെ ഒരു തരത്തിലും നിയന്ത്രിക്കാനായില്ല.

ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അവധി ദിവസമായ ഇന്നും ഹൗസ്ഫുള്‍ ഷോകളുമായി റെക്കോര്‍ഡ് കളക്ഷനിലേക്ക് കുതിക്കുകയാണ് ലിയോ. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

More Stories from this section

family-dental
witywide