ന്യൂഡല്‍ഹി: വർദ്ധിച്ചുവരുന്ന വായു മലിനീകരണത്തിൽ നിന്ന് ഡൽഹി-എൻസിആറിലെ താമസക്കാർക്ക് ആശ്വാസം പകർന്ന്, ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ ചെറിയ മഴ ലഭിച്ചു.
ഡല്‍ഹി, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാത്രി പെയ്തത് മഴ വായു ഗുണനിലവാരം മെച്ചപ്പെടാന്‍ കാരണമായെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
“ഒറ്റരാത്രിയിൽ പെയ്ത മഴ കാരണം ഡൽഹിയിലെ മലിനീകരണ തോത് അൽപ്പം മെച്ചപ്പെട്ടു. കഴിഞ്ഞ കുറേ ദിവസങ്ങളായി ‘ഗുരുതര’ വിഭാഗത്തിൽ പെട്ടിരുന്ന വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ മഴ സഹായിച്ചു. ഇത് കൂടുതൽ മെച്ചപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”
ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) മെച്ചപ്പെട്ടു. 85 പോയിന്റാണ് ഇവിടെ രേഖപ്പെടുത്തിയത്. നഗരത്തിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം തടയാന്‍ നവംബര്‍ 20-21 തീയതികളില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പദ്ധതിയിട്ടതാണ്.
മലിനീകരണ വിരുദ്ധ നടപടികള്‍ നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ മന്ത്രിമാരെയും രംഗത്തിറക്കിയിട്ടുണ്ട്. ഡല്‍ഹി-എന്‍സിആറിലും, മറ്റ് പരിസര പ്രദേശങ്ങളിലും ഇന്ന് കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഡല്‍ഹി റീജിയണല്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ആര്‍എംസി) അറിയിച്ചു.