ലിവിങ് ടുഗെതർ വിവാഹത്തെ തകർക്കും, പങ്കാളിയെ സീസൺ അനുസരിച്ച് മാറ്റുന്നത് സമൂഹത്തിന് ചേർന്നതല്ല: അലഹബാദ് ഹൈക്കോടതി

അലഹബാദ്: ലിവ്-ഇന്‍-റിലേഷന്‍ഷിപ്പുകള്‍ വിവാഹമെന്ന സ്ഥാപനത്തെ തകര്‍ക്കാനുള്ള ഉപായമെന്ന് നിരീക്ഷിച്ച് അലഹബാദ് ഹൈക്കോടതി. സീസണ്‍ അനുസരിച്ച് പങ്കാളിയെ മാറ്റുന്നത് ആരോഗ്യകരവും സുസ്ഥിരവുമായ സമൂഹത്തിന്റെ ലക്ഷണമല്ലെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ലിവ്-ഇന്‍ പങ്കാളിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ഒരാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശങ്ങള്‍. ഇന്ത്യ പോലൊരു രാജ്യത്ത് മധ്യവര്‍ഗ സദാചാരത്തെ അവഗണിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

വിവാഹം ഒരു വ്യക്തിയ്ക്ക് നല്‍കുന്ന സുരക്ഷിതത്വവും സാമൂഹ്യമായ അംഗീകാരവും പുരോഗതിയും സുസ്ഥിരതയും ലിവ്-ഇന്‍ ബന്ധങ്ങള്‍ നല്‍കുന്നില്ലെന്ന് കോടതി പറഞ്ഞു. വികസിത രാജ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്നയിടങ്ങളിലെ പോലെ വിവാഹങ്ങള്‍ നമ്മുടെ നാട്ടിലും കാലോചിതമല്ലാതാകുമ്പോഴേ ലിവ്-ഇന്‍ ബന്ധങ്ങള്‍ നോര്‍മലാകൂ എന്നും ജസ്റ്റിസ് സിദ്ധാര്‍ത്ഥ് നിരീക്ഷിച്ചു. ഇത്തരം ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

വിവാഹമെന്ന സ്ഥാപനത്തെ ഇല്ലാതാക്കുന്നതില്‍ സിനിമകള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും പങ്കുണ്ടെന്നും കോടതി പറഞ്ഞു. ലിവ്-ഇന്‍ ബന്ധങ്ങള്‍ പുരോഗമനപരമായിട്ടാണ് പലതിലും കാണിക്കുന്നത്. ഇതിലേക്ക് വളരെ വേഗത്തില്‍ യുവതലമുറ ആകര്‍ഷിക്കപ്പെടുന്നു. ഇത്തരം ബന്ധങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പലപ്പോഴും അവര്‍ അജ്ഞരായിരിക്കുമെന്നും കോടതി പറഞ്ഞു.

More Stories from this section

family-dental
witywide