ന്യൂഡൽഹി: ബുധനാഴ്ച ലോക്സഭയിൽ നുഴഞ്ഞുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രികളുടെ പ്രവേശന പാസിൽ ഒപ്പിട്ടത് ബിജെപി എംപി. മൈസൂരിലെ എംപി പ്രതാപ് സിംഹയുടെ അതിഥിയായിരുന്നു തങ്ങളെന്ന് കാണിക്കുന്ന പാസ് അക്രമികളിൽ നിന്ന് കണ്ടെടുത്തതായി എംപി ഡാനിഷ് അലി പറഞ്ഞു. സാഗർ ശർമ എന്ന പേരിലാണ് പാസ് നൽകിയത്.
പാർലമെന്റിനകത്ത് നിന്ന് പിടിയിലായത് സാഗർ ശർമ, മനോരഞ്ജൻ എന്നിവരാണ്. രണ്ടുപേരും ബി.ടെക് വിദ്യാർഥികളാണെന്നാണ് റിപ്പോർട്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. ഖാലിസ്ഥാൻ വാദികളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. ലോക്സഭയിൽ ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവങ്ങൾ നടക്കുന്നത്.
ലോക്സഭയില്‍ ശൂന്യവേളയുടെ സമയത്തായിരുന്നു അപ്രതീക്ഷിത പ്രതിഷേധം അരങ്ങേറിയത്. മുദ്രാവാക്യം വിളിച്ചുകൊണ്ട് രണ്ടു യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴെ എംപിമാര്‍ക്കിടയിലേക്ക് ചാടുകയായിരുന്നു. ബിജെപിയുടെ രാജേന്ദ്ര അഗര്‍വാളായിരുന്നു ആ സമയത്ത് സഭ നിയന്ത്രിച്ചിരുന്നത്. ലോക്സഭയുടെ അകത്തളത്തില്‍ മഞ്ഞ നിറത്തിലുള്ള കളര്‍ സ്മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. ഏകാധിപത്യം അനുവദിക്കില്ല, ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധം നടത്തിയത്.
അക്രമികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഒരു യുവതി ഉള്‍പ്പടെ നാലു പേരെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചോദ്യംചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. ഒരു സംഘടനയുമായും തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് കസ്റ്റഡിയിലായ യുവതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.