ലോക്സഭയിലെ സുരക്ഷാവീഴ്ച: ബിജെപി എംപിയുടെ പങ്ക് അന്വേഷിക്കണമെന്ന് സിദ്ധരാമയ്യ, പ്രധാനമന്ത്രി മറുപടി പറയണം

ബെംഗളൂരു: സന്ദർശക പാസിലെത്തിയ നാലുപേർ ലോക്സഭയിൽ ഭീകരാന്തരീക്ഷം സംഭവത്തിൽ ബിജെപി എംപി പ്രതാപ സിംഹയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇവർക്ക് പാസ് നൽകിയത് മൈസൂർ കുടക് എംപി പ്രതാപ് സിംഹയാണ്. സാഗർ ശർമ എന്ന പേരിലാണ് പാസ് നൽകിയത്. ഇത്തരം വീഴ്ചകൾ ഗുരുതരമായ കുറ്റകൃത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ പാർലമെന്റ് അംഗങ്ങളും സുരക്ഷിതരാണെന്നത് ആശ്വാസകരമാണെന്നും സുരക്ഷാവീഴ്ചയെ അപലപിച്ച സിദ്ധരാമയ്യ പറഞ്ഞു. “കനത്ത സുരക്ഷയ്ക്കിടയിലും ഇത്തരമൊരു സംഭവം ഉണ്ടായത് ഞെട്ടിക്കുന്നതാണ്. ഇത് സുരക്ഷാ സംവിധാനത്തിലെ വീഴ്ചയാണെന്ന് വ്യക്തമാണ്. ന്യായമായ അന്വേഷണം നടത്തുകയും സംഭവത്തിന്റെ മുഴുവൻ വിവരങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുകയും ചെയ്യേണ്ടത് കേന്ദ്ര സർക്കാരിന്റെ, പ്രത്യേകിച്ച് ആഭ്യന്തര മന്ത്രിയുടെ കടമയാണ്.”

തുടർന്ന് സിംഹയെ വിമർശിച്ച സിദ്ധരാമയ്യ, പ്രതികൾക്ക് എങ്ങനെയാണ് പാസ് നൽകിയതെന്ന് ചോദിച്ചു. “ഇന്ന് പാർലമെന്റ് മന്ദിരം ആക്രമിച്ച യുവാക്കൾക്ക് മൈസൂരിൽ നിന്നുള്ള എംപിയായ പ്രതാപ് സിംഹ പാസ് നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ഈ യുവാക്കളെ എംപിക്ക് അറിയാമായിരുന്നിരിക്കാം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അവർ പരിചയക്കാരല്ലെങ്കിൽ, അപരിചിതർക്ക് എങ്ങനെയാണ് പാസുകൾ നൽകിയത്? ഇത് നിയമപ്രകാരം ശിക്ഷാർഹമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്,” സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

22 വർഷം മുമ്പ് പാർലമെന്റ് ആക്രമണം നടന്നതിന്റെ വാർഷികത്തിൽ സുരക്ഷാവീഴ്ചയെക്കുറിച്ചുള്ള നിരവധിയായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

എങ്ങനെയാണ് ഈ യുവാക്കൾക്ക് പുകപടലങ്ങളുമായി പാർലമെന്റിൽ കയറാൻ കഴിഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. “ഈ പ്രവൃത്തിയിൽ അകത്തുള്ളവർ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ? യുവാക്കളുടെ പ്രവർത്തനങ്ങൾക്ക് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടാകുമോ? രാജ്യത്തിന്റെ പാർലമെന്റിന്റെ സുരക്ഷ ഉറപ്പാക്കാതെ വരുമ്പോൾ, രാജ്യത്തിന്റെ അതിർത്തികളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ സ്വാഭാവികമായും ഉയരുന്നു. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്.”

More Stories from this section

family-dental
witywide