ശക്തമായ കാറ്റ്, കടലാക്രമണ സാധ്യത; തെക്കൻ കേരളത്തിൽ മഴ, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഡിസംബർ 31 മുതൽ ജനുവരി മൂന്ന് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കു കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് കാരണം. തെക്കൻ കേരളത്തിൽ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പടിഞ്ഞാറു -വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തെക്കൻ അറബിക്കടലിൽ മധ്യഭാഗത്തായി ശക്തി പ്രാപിച്ചു ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

കേരള തീരത്ത് ഇന്ന് പകൽ 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.6 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെയും കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ നാളെ കന്യാകുമാരി തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിലും കൂടാതെ തെക്കൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

ജനുവരി രണ്ടാം തീയതി മുതൽ മൂന്നാം തീയതി വരെയും കന്യാകുമാരി തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽ പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കലാവസ്ഥാ കേന്ദ്രം മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി.

More Stories from this section

family-dental
witywide