കൊച്ചി: കൊച്ചി ഇടപ്പള്ളി ലുലു മാളില്‍ ഇന്ത്യയുടെ ദേശീയപതാകയേക്കാള്‍ ഉയരത്തില്‍ പാകിസ്ഥാന്‍ പതാക പ്രദര്‍ശിപ്പിച്ചെന്ന വിദ്വേഷപ്ര ചാരണത്തിൽ ബലിയാടായി ജീവനക്കാരി. ലുലു മാൾ മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷന്‍ മാനേജർ ആതിര നമ്പ്യാതിരിക്കാണ് ജോലി നഷ്ടമായത്.
ജോലി നഷ്ടമായ കാര്യം ആതിര സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു . ”സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജ പ്രചാരണം ഒരാളുടെ സത്യസന്ധതയെയും ഉപജീവനത്തെയും നശിപ്പിക്കാന്‍ സാധ്യതയുള്ളതാണ്. ഒരു ദശാബ്ദം മുഴുവന്‍ പൂര്‍ണമായും ഒരു കമ്പനിക്കായി സമര്‍പ്പിച്ചശേഷം ഒരടിസ്ഥാനവുമില്ലാത്ത വ്യാജപ്രചാരണങ്ങളും സോഷ്യല്‍ മീഡിയയിലെ സെന്‍സേഷണലിസവും കാരണം ഒരു ദിവസം ജോലി ഇല്ലാതാവുന്നുവെന്നത് വല്ലാതെ വേദനിപ്പിക്കുന്നു,” ആതിര ലിങ്ക്ഡ് ഇന്‍ പേജിൽ കുറിച്ചു.
. ”ലുലു മാളിൽ പാക്കിസ്ഥാൻ പതാക ഇന്ത്യൻ പതാകയേക്കാൾ വലുപ്പത്തിൽ വച്ചുവെന്ന വാർത്ത തീർത്തും തെറ്റായിരുന്നു. അത് എന്നെയും കമ്പനിയെയും ഒരുപോലെ ബാധിച്ചു. നിർഭാഗ്യവശാൽ കമ്പനിക്ക് എന്നെ സസ്പെൻഡ് ചെയ്യേണ്ടി വന്നു,” ആതിര പറഞ്ഞു.
ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ആവേശം ഉൾക്കൊണ്ട് ലുലു മാളില്‍ ഒരുക്കിയ അലങ്കാരത്തിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടന്നത്. ഇന്ത്യയുടെ ദേശീയപതാകയേക്കാള്‍ ഉയരത്തില്‍ പാകിസ്ഥാന്‍ പതാക പ്രദര്‍ശിപ്പിച്ചെന്നായിരുന്നു വ്യാജപ്രചാരണം. ക്രിക്കറ്റ് ലോകകപ്പിൽ മത്സമരിക്കുന്ന എല്ലാ ടീമുകളുടെയും കൊടികള്‍ മാളിൽ സ്ഥാപിച്ചിരുന്നു. ഇതിനൊപ്പമായിരുന്നു ഇന്ത്യയുടെയും പാകിസ്താന്റെയും പതാകകളുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പതാകയ്ക്കും മുകളിലായിട്ടാണ് പാകിസ്താന്‍ പതാക സ്ഥാപിച്ചതെന്നായിരുന്നു ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥൻ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിച്ചതും.
ഇന്ത്യയുടെ ദേശീയപതാകയ്ക്ക് മുകളിൽ പാക് പതാക വരുന്ന തരത്തിലുള്ള ചിത്രം സഹിതമായിരുന്നു പ്രചാരണം. എന്നാൽ ഇത് തെറ്റാണെന്നും എല്ലാ രാജ്യങ്ങളുടെയും പതാകകള്‍ ഒരേ ഉയരത്തിലാണ് സ്ഥാപിച്ചതെന്നും വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പിന്നീട് പുറത്തുന്നിരുന്നു.
മാളിന്റെ മധ്യഭാഗത്ത് മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് ഒരേ അളവിലാണ് വിവിധ രാജ്യങ്ങളുടെ പതാകകള്‍ തൂക്കിയിരുന്നത്. പതാകകളുടെ ചിത്രം മുകളിലത്തെ നിലയില്‍ നിന്ന് പകര്‍ത്തുമ്പോഴും, പാതകയുടെ വശത്തു നിന്നു ഫോട്ടോ എടുക്കുമ്പോഴും അതത് വശത്തുള്ള പതാകകള്‍ക്ക് കൂടുതല്‍ വലുപ്പം തോന്നുമെന്നും എന്നാല്‍ താഴെ നിന്ന് ചിത്രം പകര്‍ത്തുമ്പോള്‍ എല്ലാം തുല്യ അളവിലാണെന്ന് മനസ്സിലാകുമെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ലുലു മാളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പതാകകള്‍ എടുത്തുമാറ്റുകയും ചെയ്തിരുന്നു.
”ഒരു കമ്പനി അതിന്റെ പ്രശസ്തിയും സമഗ്രതയും വിലമതിക്കുന്നതുപോലെ, ഈ രാജ്യത്തെ പൗരയെന്ന നിലയില്‍, ഞാന്‍ എന്റെ രാജ്യത്തോട് അഗാധമായ സ്‌നേഹം പുലര്‍ത്തുന്നു, അതിന്റെ ബഹുമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഞാന്‍ തയ്യാറാണ്.. വിദ്വേഷപ്രചാരണത്തിൽനിന്ന് ആളുകളുടെ കരിയറും ജീവിതവും നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനിൽക്കാൻ അഭ്യര്‍ഥിക്കുകയാണ്. എന്റെ നഷ്ടം ഒരു നഷ്ടം തന്നെയാണ്, ഇത്തരം വിദ്വേഷപ്രചാരണങ്ങൾ ഇനി ആർക്കുമെതിരെയുമുണ്ടാകരുത്.ജീവിതത്തെ നശിപ്പിക്കുന്ന മറ്റ് സന്ദേശങ്ങള്‍ പോലെ തന്നെ ഈ സന്ദേശവും വൈറലാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു!” എന്നും ആതിര ലിങ്ക്ഡ് ഇന്നില്‍ കുറിച്ചു.
Lulu mall Pakistan flag controversy: Marketing professional loses job, requests social media users to refrain from propagating hatred.