‘ആഢംബര ബസ് അസറ്റാണ്, പിന്നീട് മറ്റു പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയും’; ബസ് വിവാദത്തില്‍ ഇപി ജയരാജന്‍

കോഴിക്കോട്: നവകേരള സദസ്സിനായി ഒരു കോടിയുടെ ബസ് ഉപയോഗിക്കുന്നത് ആഢംബരമാണെന്ന വിവാദത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പണച്ചെലവ് കുറക്കാനാണ് ബസ് നിര്‍മ്മിച്ചതെന്നും ആഢംബര ബസ് അസറ്റാണെന്നുമായിരുന്നു ഇപിയുടെ പ്രതികരണം. നവകേരള സദസ്സിന്റെ യാത്രയ്ക്ക് ശേഷം മറ്റു പല ആവശ്യങ്ങള്‍ക്കും ഈ വാഹനം ഉപയോഗിക്കാന്‍ കഴിയും. പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയില്‍ പ്രത്യേകമായി ആളെ കൂട്ടണ്ട കാര്യമുണ്ടോയെന്നും ഇപി ജയരാജന്‍ ചോദിച്ചു.

അതേസമയം നവകേരള സദസ്സിന്റെ ഉപയോഗത്തിനു ശേഷം ബസ് പിന്നീട് ടൂറിസത്തിനായി വിട്ടു നല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 25 സീറ്റുകളുള്ള ബെന്‍സ് ബസ്സാണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ എല്ലാ മന്ത്രിമാരും ഇതിലായിരിക്കും യാത്ര ചെയ്യുന്നത്. ബസ്സില്‍ ശുചിമുറി സൗകര്യമുണ്ട്. അതല്ലാതെ, മറ്റ് ആര്‍ഭാടങ്ങളൊന്നുമില്ല.

ബസ് നവീകരിക്കുന്നത് ആഢംബരത്തിനല്ല. ഈ ബസ് പിന്നീട് ടൂറിസത്തിനായി വിട്ടു നല്‍കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. കാറില്‍ യാത്ര ചെയ്യുകയാണെങ്കില്‍ 21 മന്ത്രിമാരും എസ്‌കോര്‍ട്ടും കൂടി 75 വാഹനങ്ങളുണ്ടാകും. ഇത് ഗതാഗത കുരുക്കിന് പുറമെ സാമ്പത്തിക ചെലവും കൂട്ടുമെന്നും ആന്റണി രാജു പറഞ്ഞു. നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനായി ആഡംബര ബസ് സജ്ജീകരിക്കാനായി ഒരു കോടി അഞ്ചു ലക്ഷം രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.

More Stories from this section

family-dental
witywide