
ഭോപ്പാൽ/ റായ്പൂർ: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെയും ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പ് പൂർത്തിയായി. മധ്യപ്രദേശിൽ 71.11 ശതമാനവും ഛത്തീസ്ഗഡിൽ അവസാനഘട്ടത്തിൽ 67.34 ശതമാനം പോളിങ് രേഖപ്പെടുത്തി.
മധ്യപ്രദേശില്‍ രാവിലെ ഏഴുമണിക്കാണ് പോളിങ് ആരംഭിച്ചത്. നക്‌സല്‍ ബാധിത മേഖലകളായ ബലാഘട്ട്, മണ്ഡല, ദിന്‍ദോരി ജില്ലകളില്‍ പോളിങ് മൂന്ന് മണിക്ക് അവസാനിച്ചു. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ 5.61 കോടി വോട്ടർമാരും ഛത്തിസ്ഗഢിലെ 70 മണ്ഡലങ്ങളിലെ 1.63 കോടി വോട്ടർമാരും ഇന്ന് വോട്ട് ചെയ്തത്. നവംബർ ഏഴിനാണ് 20 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്നത്.
ഒറ്റഘട്ടമായി നടക്കുന്ന മധ്യപ്രദേശിൽ 2533ഉം രണ്ട് ഘട്ടമായി നടക്കുന്ന ഛത്തിസ്ഗഢിലെ അവസാന ഘട്ടത്തിൽ 958 സ്ഥാനാർഥികളുമാണ് രംഗത്തുള്ളത്. 23ന് നടക്കുന്ന മൂന്നാം ഘട്ടത്തിൽ രാജസ്ഥാനിലും 30ന് തെലങ്കാനയിലും വോട്ടെടുപ്പ് നടക്കും. ഏഴിന് നടന്ന മിസോറം അടക്കം അഞ്ച് സംസ്ഥാനങ്ങളുടെയും ഫലം ഡിസംബർ മൂന്നിന് അറിയാം.
വോട്ടെടുപ്പ് ദിനത്തില്‍ പലയിടത്തായി സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗരിയാബന്ധില്‍ മാവോവാദി ആക്രമണത്തില്‍ ഐടിബിപി ജവാന്‍ കൊല്ലപ്പെട്ടു. പോളിങ് അവസാനിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഐടിബിപി ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗിന്ദര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്.
മെഹ്‌ഗോണില്‍ ബിജെപി സ്ഥാനാര്‍ഥിക്കും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനും അജ്ഞാതന്റെ വെടിയേറ്റു. ഛത്തര്‍പുരിലെ രാജ്‌നഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. എതിരാളികള്‍ തന്നെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചുവെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിക്രം സിങ് നാതി രാജ ആരോപിച്ചു. താന്‍ പെട്ടെന്ന് കാറിലേക്ക് കയറിയെന്നും സല്‍മാന്‍ എന്ന പ്രവര്‍ത്തകനെ കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരോപിച്ചു.
കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ ജനവിധി തേടുന്ന ദിമാനിയിലെ രണ്ടു ബൂത്തില്‍ കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇന്ദോറിലെ രാഊ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.
അതേസമയം, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര കടന്നു പോയ 21 സീറ്റുകളിൽ വിജയം കൊയ്യാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കഴിഞ്ഞ തവണ പാതിവഴിയിൽ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. ഛത്തീസ്ഗഢിൽ ഭരണവിരുദ്ധ വികാരമില്ലാത്തതും പ്രീപോൾ സർവേകളിലെ മുൻതൂക്കവുമെല്ലാം നൽകിയ ആത്മവിശ്വാസത്തിലാണ് ഭൂപേഷ് ബാഘേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്. ഇത് തുടക്കം മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന് ഏറെ മുൻതൂക്കം നൽകി.