മധ്യപ്രദേശിലെ ‘മാമാജി’ ഫാക്ടർ; ‘ശക്തി’യായി ‘ശിവ’രാജ് സിങ്

എക്സിറ്റ് പോൾ സർവ്വേകളെ കാറ്റിൽ പറത്തിക്കൊണ്ട് മധ്യപ്രദേശിൽ ഒരിക്കൽ കൂടി സർക്കാർ രൂപീകരണത്തിനൊരുങ്ങുകയാണ് ബിജെപി. മോദി ഫാക്ടറിനെ കുറിച്ച് വാഴ്ത്തുമ്പോൾ, ജനശ്രദ്ധ തന്നിലേക്കു കൂടി വഴിതിരിച്ചുവിട്ട ശിവരാജ് സിങ് ചൗഹാനെക്കുറിച്ച് പറയാതെ വയ്യ. പാർട്ടി വിജയമുറപ്പിച്ച സാഹചര്യത്തിൽ, ബിജെപി നേതൃത്വം അദ്ദേഹത്തിനായി കരുതിവച്ചതെന്തായാലും, മുന്നണിയിൽ നിന്ന് യുദ്ധം നയിച്ച, നാല് തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാന്റെ അവകാശവാദം തള്ളിക്കളയാൻ പ്രയാസമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്കായുള്ള ലാഡ്ലി ബെഹ്ന യോജന പോലുള്ള സാമൂഹിക ക്ഷേമ പദ്ധതികളുടെ കരുത്ത്.

ശക്തരായ സ്ത്രീകൾ, ശക്തമായ കുടുംബം, ശക്തമായ സമൂഹം, ശക്തമായ സംസ്ഥാനം, ശക്തമായ രാജ്യം എന്നതാണ് ലാഡ്ലി ബെഹ്ന യോജന പദ്ധതിയുടെ ആപ്തവാക്യം. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതിന് തടസ്സമാകുന്നതെങ്ങനെയെന്ന് കണക്കിലെടുത്താണ് മധ്യപ്രദേശിൽ പദ്ധതി ആവിഷ്കരിച്ചത്.

‘ദി ലാഡ്‌ലി ഷോ’ എന്ന പരിപാടിയിലൂടെ, ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച, സ്വർണ്ണമെഡൽ ജേതാവായ എംഎ വിദ്യാർത്ഥിയായിരുന്ന ചൗഹാനിൽ നിന്ന് സംസ്ഥാനത്തെ സ്ത്രീകൾക്ക് അവരുടെ മാമാജി (അമ്മാവൻ) ആയിമാറിയ മുഖ്യമന്ത്രി ചൗഹാനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കിയ വേളയിൽ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ യൂട്യൂബ് ചാനലിലൂടെയുള്ള പരിപാടിയുടെ സംപ്രേഷണവും നടന്നത് എന്നത് യാദൃച്ഛികതയാണെന്ന് പറയാനാവില്ല.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് 2023 ജനുവരി 28ന് മുഖ്യമന്ത്രി ലാഡ്ലി ബെഹ്ന യോജന ആരംഭിക്കുന്നത്. ഗ്രാമീണ മേഖലയിൽ 23.3 ശതമാനവും നഗര മേഖലയിൽ 13.6 ശതമാനവും മാത്രമാണ് മധ്യപ്രദേശിലെ തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം. ഇതിനെ മറികടക്കാനും, സ്ത്രീകളെ ആശ്രയിച്ചു കഴിയുന്ന കുട്ടികളുടെ ആരോഗ്യവും പോഷകാഹാര നിലവാരവും മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ കഴിയുമെന്ന് ചൌഹാൻ ഉറപ്പു നൽകി. സർക്കാർ ജോലികൾക്ക് 35 ശതമാനം സംവരണം ഉൾപ്പടെ സ്ത്രീ പ്രാതിനിധ്യം ഉയർത്തിയുള്ള നിരവധി പദ്ധതി പ്രഖ്യാപനങ്ങളും ചൗഹാന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലുണ്ടായിരുന്നു.

ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രചാരണ പരിപാടികൾക്കിടയിൽ അദ്ദേഹം വോട്ടർമാരോട് താൻ ഇല്ലാത്ത അവസ്ഥയിൽ തന്നെ അവർക്ക് മിസ്സ് ചെയ്യുമെന്ന് പോലും പറഞ്ഞിട്ടുണ്ട്. ബുർഹാൻപൂരിലെ ഒരു പരിപാടിയിൽ, സ്ത്രീകൾക്കായുള്ള ലാഡ്‌ലി ബെഹ്‌ന യോജനയുടെ 597 കോടി രൂപയുടെ ഗഡു പുറത്തിറക്കിയപ്പോൾ, രണ്ട് സ്ത്രീകൾ ചൗഹാന് പുഷ്പാർച്ചന നടത്തുകയും, ചൗഹാൻ അവരുടെ പാദങ്ങൾ കഴുകുകയും ചെയ്തിരുന്നു.

മധ്യപ്രദേശിലെ ബിജെപിയുടെ വിജയം കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനേറ്റ തിരിച്ചടിയായിക്കൂടി വേണം കണക്കാക്കാൻ. ആകെയുള്ള 230 സീറ്റുകളിൽ 162 ഇടത്താണ് ബിജെപി ജയമുറപ്പിച്ചത്. കോൺഗ്രസ് 66 സീറ്റുകളിലേക്ക് ചുരുങ്ങി. 2018ൽ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോൺഗ്രസിന് 114 സീറ്റും ബിജെപിക്ക് 109 സീറ്റുമാണ് ലഭിച്ചത്. കോൺഗ്രസിലെ ചില എംഎൽഎമാരെ സ്വന്തം പാളയത്തിലെത്തിച്ചാണ് അന്ന് ബിജെപി കമൽനാഥ് സർക്കാരിനെ വീഴ്ത്തിയതും ഭരണം പിടിച്ചതും.

പാർട്ടിയുടെ പ്രചാരണവേളയിലുടനീളം ചുക്കാൻ പിടിച്ച കമൽനാഥ് ഒളിഞ്ഞും തെളിഞ്ഞും മൃദുഹിന്ദുത്വ നിലപാട് ആവർത്തിക്കുകയും ബിജെപിയേക്കാൾ ആവേശത്തോടെ രാമക്ഷേത്ര വിഷയം ഉയർത്തിക്കാട്ടുകയും ചെയ്തു. രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജയുടെ തലേദിവസം ക്ഷേത്രനിർമാണത്തിന് മധ്യപ്രദേശ് കോൺഗ്രസ് വക 11 വെള്ളിക്കട്ടകൾ നൽകുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേഷവിധാനത്തിലുൾപ്പെടെ രാഹുൽ-പ്രിയങ്ക ഗാന്ധിമാർ സ്വീകരിച്ച നിലപാടുകളും ഏറെ ചർച്ചയായിരുന്നു. ത്രിശൂലവുമായി പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയതും വലിയ വാർത്തയായിരുന്നു.

ഇന്ത്യാ മുന്നണിയിലെ ഭിന്നതയും പടലപ്പിണക്കങ്ങളും കോൺഗ്രസിന്‍റെ വലിയ തോൽവിക്ക് കാരണമെന്നുവേണം വിലയിരുത്താൻ. മധ്യപ്രദേശിൽ കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിയും ജെഡിയുവുമെല്ലാം സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.  ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലാകുമെന്ന് വിലയിരുത്തിയ ഈ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയം ഫലത്തിൽ ഇൻഡ്യ മുന്നണിക്കും തിരിച്ചടിയാണ്. മാത്രമല്ല, ഇൻഡ്യ മുന്നണിയിൽ കോൺഗ്രസിന്റെ തണ്ടൊടിയാൻ മറ്റൊരു ‘ഫാക്ടർ’ കൂടിയായി കണക്കാക്കാം ഈ തിരഞ്ഞെടുപ്പു ഫലത്തെ. 

More Stories from this section

family-dental
witywide