ബോക്‌സ് ഓഫീസില്‍ കോടികളുടെ കളക്ഷനുമായി റിലീസിനു മുന്നേ റെക്കോര്‍ഡുകള്‍ തീര്‍ത്ത ചിത്രമാണ് ദളപതി വിജയ്‌യുടെ ലിയോ. പാര്‍ഥിപന്‍ എന്ന നായക കഥാപാത്രത്തെ വിജയ് അവിസ്മരണീയമാക്കി. ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ള താരങ്ങളായ മാത്യുവും മഡോണയും ഉണ്ടെന്നുള്ളത് മലയാള സിനിമാപ്രേമികള്‍ക്ക് സന്തോഷം പകരുന്നു. ചിത്രത്തിന്റെ റിലീസ് വരെ ലോകേഷ് രഹസ്യമായി സൂക്ഷിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു മഡോണയുടെ എലിസാ ദാസ്.
ഇപ്പോഴിതാ ചിത്രത്തിലഭിനയിച്ചതിനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മഡോണ. ‘ലിയോ’യില്‍ അഭിനയിച്ച കാര്യം ആകെ പറഞ്ഞത് അമ്മയോടു മാത്രമാണെന്ന് മഡോണ പറയുന്നു. ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മഡോണ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.
മഡോണയുടെ വാക്കുകള്‍:
”ഞാന്‍ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. അതുകൊണ്ടു തന്നെ ‘ലിയോ’യില്‍ അഭിനയിച്ച കാര്യം രഹസ്യമാക്കി വയ്ക്കുന്നത് എന്നെ സംബന്ധിച്ച് ഓക്കെ ആയിരുന്നു. റിലീസിനു മുമ്പു വരെ ലോകേഷിനോടു ചോദിച്ചിരുന്നു, ഇനിയെങ്കിലും പറയാമോ? എന്ന്. ഓഡിയോ ലോഞ്ചിന് എന്തായാലും പോകാമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ ഓഡിയോ ലോഞ്ചും നടന്നില്ല. അതുകൊണ്ട് ഈ രഹസ്യം ഇങ്ങനെ മുന്നോട്ടുപോയി.
എന്നെ സംബന്ധിച്ചിടത്തോളും ‘ലിയോ’ ഒരു ഭാഗ്യമാണ്. എന്റെ എന്‍ട്രിയൊക്കെ ലോകേഷ് ബ്രില്യന്‍സ് ആണ്. സിനിമയിലേക്ക് എന്നെ വിളിക്കുമ്പോള്‍ വണ്‍ലൈന്‍ മാത്രമാണ് പറഞ്ഞത്. എന്തു കഥാപാത്രമെന്നോ എന്താണ് ഞാന്‍ സിനിമയില്‍ ചെയ്യേണ്ടതെന്നോ ഒന്നും പറഞ്ഞിരുന്നില്ല. സെറ്റിലെത്തിയപ്പോഴാണ് അതു ചെയ്യാമോ ഇത് ചെയ്യാമോ എന്നൊക്കെ ചോദിക്കുന്നത്. അത് വലിയൊരു അനുഭവം തന്നെയായിരുന്നു. നേരത്തേ അറിഞ്ഞിരുന്നെങ്കില്‍, ഇത് ചെയ്യാന്‍ പറ്റുമോ എന്ന് ആലോചിച്ച് വിഷമിച്ചേനെ. ഇതിപ്പോള്‍ ആ ഫ്‌ലോയില്‍ അങ്ങ് പോകുകയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഒരു മാസം ട്രെയിനിങ് ലഭിച്ചിരുന്നു. ആക്ഷന്‍ ട്രെയിനിങ് ആയിരുന്നു, അന്‍പറിവ് മാസ്റ്റേഴ്‌സ് ഉണ്ടായിരുന്നു.
വിജയ് സാറിനൊപ്പം ഇതുപോലൊരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതു തന്നെ വലിയ കാര്യം. അതിപ്പോള്‍ എത്ര ചെറിയ വേഷമാണെങ്കിലും ഒന്നും നോക്കാതെ ഞാന്‍ അഭിനയിക്കും. അനിയത്തിയുടെ കഥാപാത്രം എന്നു മാത്രമാണ് ആദ്യം പറഞ്ഞിരുന്നത്. ഒരു പാവം, സാധാരണ അനിയത്തി ആയിരിക്കുമോ എന്ന ചിന്തയൊക്കെ മനസ്സില്‍ ഉണ്ടായിരുന്നു. ചെന്നൈയില്‍ എത്തി ലോകേഷ് എന്നോടു കഥ പറഞ്ഞു. അതോടെ ആകാംക്ഷയായി. നാ റെഡി താന്‍ സോങ് ആണ് ആദ്യം ഷൂട്ട് ചെയ്തത്. മൂന്ന് ദിവസം ഷൂട്ട് ഉണ്ടായിരുന്നു.
‘ലിയോ’യില്‍ അഭിനയിക്കുന്ന കാര്യം ആകെ അറിയാമായിരുന്നത് എന്റെ അമ്മയ്ക്ക് മാത്രമാണ്. അല്ലാതെ അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പോലും പറഞ്ഞിരുന്നില്ല. എന്നാല്‍ റിലീസിനു കുറച്ചു നാളുകള്‍ക്കു മുമ്പ് ഞാന്‍ അഭിനയിക്കുന്ന കാര്യം പുറത്തുവന്നിരുന്നു. അപ്പോള്‍ ചോദിച്ചവരോടൊക്കെ ഇത് രഹസ്യമായി സൂക്ഷിക്കാനാണ് ഞാന്‍ പറഞ്ഞത്.
എല്ലാ സിനിമകളിലും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം എന്നതാണ് എന്റെ ആഗ്രഹം. അതിന് അവസരങ്ങള്‍ ലഭിക്കണം. ഇതുപോലുള്ള വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്നതാണ് ആഗ്രഹം. വലിയ ഇടവേളയ്ക്കു ശേഷമുള്ള എന്റെ തിരിച്ചുവരവാണെന്ന് പലരും പറയുന്നതു കേട്ടു. കോവിഡിന്റെ സമയത്താണെന്നു തോന്നുന്നു ഈ ഇടവേള വന്നത്. നാല് സിനിമകളില്‍ ഇപ്പോള്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. എല്ലാവരും പറയുന്നതുപോലെ വിജയ് സര്‍ അധികം സംസാരിക്കില്ല. പക്ഷേ സംസാരിച്ചു തുടങ്ങിയാല്‍ കുട്ടികളെപ്പോലെയാണ്. കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് അദ്ദേഹത്തോട് ഒരുപാട് ബഹുമാനം തോന്നും.’ മഡോണ പറഞ്ഞു.