‘ഹര്‍ജിയുമായി വരേണ്ടത് തൃഷയാണ്’; മന്‍സൂര്‍ അലി ഖാനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: നടി തൃഷയ്ക്ക് എതിരായ വിവാദ പരാമര്‍ശത്തിന് പിന്നാലെ അപകീര്‍ത്തി കീസും നല്‍കിയ നടന്‍ മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം. ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കേണ്ടത് തൃഷയാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. പൊതുസ്ഥലത്ത് എങ്ങനെയാണ് പെരുമാറേണ്ടത് എന്നു പഠിക്കണമെന്നും മന്‍സൂര്‍ അലിഖാനോട് കോടതി പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് മന്‍സൂര്‍ അലിഖാന്‍ തൃഷയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ലിയോ സിനിമയില്‍ തൃഷയുണ്ടെന്നറിഞ്ഞപ്പോള്‍ കിടപ്പറ സീനുകളും ബലാത്സംഗ രംഗങ്ങളും ഉണ്ടാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്നായിരുന്നു ഇയാളുടെ പരാമര്‍ശം. ഈ പരാമര്‍ശം വളരെ വേഗം വിവാദത്തിലാവുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു.

മന്‍സൂറിന്റെ വാക്കുകളെ ലൈംഗിക വൈകൃതമായേ കാണാനാകൂവെന്ന് ചിരഞ്ജീവിയും ഖുശ്ബുവും ഉള്‍പ്പടെയുള്ളവര്‍ പ്രതികരിച്ചു. ഇതിനു പിന്നാലെ മന്‍സൂര്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തൃഷ, ചിരഞ്ജീവി, ഖുശ്ബു തുടങ്ങിയവര്‍ക്കെതിരെ മന്‍സൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നും ആരോപിച്ചാണ് നടന്‍ പരാതി നല്‍കിയത്.

ഒരുകോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മന്‍സൂര്‍ അലി ഖാന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കവെയാണ് കോടതി മന്‍സൂര്‍ അലിഖാനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ തൃഷ കൃഷ്ണന്‍, ദേശീയ വനിതാ കമ്മീഷന്‍ അംഗം കൂടിയായ ഖുശ്ബു സുന്ദര്‍, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

More Stories from this section

family-dental
witywide