മഹാദേവ് ബെറ്റിങ് ആപ് കേസിൽ കൂടുതൽ താരങ്ങൾക്ക് ഇഡി സമൻസ്

ന്യൂഡല്‍ഹി: ഓൺലൈൻ വാതുവെപ്പ് ആപ്പായ ‘മഹാദേവ് ഓൺലൈൻ ബുക്ക് ബെറ്റിങ്’ ആപ്പിന്റെ പ്രചാരണത്തിന് സഹായിച്ചുവെന്ന കേസില്‍ കൂടുതൽ ബോളിവുഡ് താരങ്ങൾക്ക് ഇഡിയുടെ സമൻസ്. നടിമാരായ ശ്രദ്ധ കപൂർ, ഹുമ ഖുറേഷി, ഹിന ഖാൻ, കൊമേഡിയനും നടനുമായ കപിൽ ശർമ്മ എന്നിവർക്കാണ് വ്യാഴാഴ്ച ഇഡി സമൻസ് അയച്ചത്. നടൻ രൺബീർ കപൂറിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഓൺലൈൻ വാതുവെപ്പ് ആപ്പിന്റെ പരസ്യങ്ങളിൽ ഉൾപ്പെടെ അഭിനയിച്ചതിന് ലഭിച്ച പാരിതോഷിക തുക, അവ കൈമാറ്റം ചെയ്ത രീതി എന്നിവയെ കുറിച്ചറിയാനാണ് താരങ്ങളെ വിളിപ്പിച്ചിരിക്കുന്നത്. ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല. മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പിൽ പോക്കർ ഉൾപ്പെടെയുള്ള ചീട്ടുകളികൾ, ഭാഗ്യ പരീക്ഷണ കളികൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ടെന്നീസ്, ഫുട്ബോൾ തുടങ്ങിയ വ്യത്യസ്ത തത്സമയ ഗെയിമുകൾ ലഭ്യമാണ്. ആപ്പിന്റെ ഉപയോക്താക്കൾ ഇവയിൽ അനധികൃത വാതുവെപ്പ് നടത്തുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളിൽ പോലും വാതുവെപ്പ് നടത്താനുള്ള അവസരം ആപ്പ് ഒരുക്കുന്നുണ്ടെന്ന് ഇ ഡി പറയുന്നു.പല രീതിയില്‍ വാതുവെപ്പ് ആപ്പുകളെ നിരവധി സെലിബ്രിറ്റികൾ പ്രോത്സാഹിപ്പിക്കുന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് 2023 ഓഗസ്റ്റിൽ വ്യവസായി സഹോദരങ്ങളായ സുനിൽ, അനിൽ ദമ്മാനി, പൊലീസ് ഉദ്യോഗസ്ഥരായ ചന്ദ്ര ഭൂഷൺ വർമ്മ, സതീഷ് ചന്ദ്രകർ എന്നിവരെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. വാതുവെപ്പ് ആപ്പിന്റെ കമ്പനി പ്രൊമോട്ടർമാരായ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവരും കള്ളപ്പണ വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണം നേരിടുന്നുണ്ട്.

അതേസമയം, രൺബീർ കപൂറിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ടെങ്കിലും താരം കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. മഹാദേവ് ആപ്പിന് വേണ്ടി രൺബീർ കപൂർ നിരവധി പരസ്യങ്ങൾ ചെയ്യുകയും വലിയ തുക കൈപ്പറ്റുകയും ചെയ്തതായി ഇഡി പറയുന്നു. നിലവിൽ റായ്‌പുർ, ഭോപ്പാൽ, മുംബൈ, കൊൽക്കത്ത തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 39 ഇടങ്ങളിൽ ഇ ഡി പരിശോധന നടത്തുകയും 417 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide