ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ മാൻവത് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു കോൺസ്റ്റബിളിനും ഒരു ഹെഡ് കോൺസ്റ്റബിളിനും വിചിത്രമായ ശിക്ഷവിധിച്ച് ജഡ്ജി. പ്രതിയുമായി കോടതിയിലെത്താൻ 30 മിനിറ്റ് വൈകിയ പൊലീസുകാരോട് കോടതിവളപ്പിലെ പുല്ലരിയാൻ ജഡ്ജി ആവശ്യപ്പെട്ടു. ഒക്ടോബർ 22ന് നടന്ന സംഭവം വകുപ്പുതലത്തിൽ ചർച്ചയായതോടെയാണ് പുറത്തറിഞ്ഞത്.
ഒക്ടോബർ 22ന് ഞായറാഴ്ച പുലർച്ചെ പൊലീസ് പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. കസ്റ്റഡിയിലെടുത്തുവരെ രാവിലെ 11 മണിക്ക് അവധിദിന കോടതിയിൽ ഹാജരാക്കണം. എന്നാൽ, പ്രതികളെയും കൊണ്ട് പൊലീസുകാർ ഇരുവരും കോടതിയിലെത്തിയപ്പോൾ സമയം 11.30 ആയി. വൈകിയെത്തിയതിൽ പ്രകോപിതനായ ജഡ്ജി ശിക്ഷയായി പൊലീസുകാർ കോടതി വളപ്പിലെ പുല്ല് അരിയണമെന്ന് നിർദേശിക്കുകയായിരുന്നു.
അസാധാരണമായ ശിക്ഷയിൽ അസ്വസ്ഥരായ കോൺസ്റ്റബിൾമാർ ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ചു. ഒക്‌ടോബർ 22ന് പോലീസ് സ്‌റ്റേഷൻ ഡയറിയിൽ ഇത് ഔദ്യോഗികമായി രേഖപ്പെടുത്തുകയും വിശദമായ റിപ്പോർട്ട് ഡിപ്പാർട്ട്‌മെന്റിലെ ഉന്നതർക്ക് അയച്ചുകൊടുക്കുകയും ചെയ്തു.