ഭോപ്പാൽ: ബിജെപിയെ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയോട് ഉപമിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ജന്‍ ആക്രോശ് റാലിയില്‍ പങ്കെടുത്ത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള ആശയവ്യത്യാസത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ.
“ഇത് പ്രത്യയശാസ്ത്രത്തിന്റെ പോരാട്ടമാണ്. ഒരു വശത്ത് കോൺഗ്രസും മറുവശത്ത് ബിജെപിയും ആർഎസ്എസും. ഒരു വശത്ത് ഗാന്ധിജിയും മറുവശത്ത് ഗോഡ്സെയും. ഒരു വശത്ത് വെറുപ്പും മറുവശത്ത് സ്നേഹവുമാണ്. ഇക്കൂട്ടർ എവിടെ പോയാലും വിദ്വേഷം പരത്തുന്നു. മധ്യപ്രദേശിലെ കർഷകരും യുവാക്കളും അവരെ വെറുത്തു തുടങ്ങിയിരിക്കുന്നു,” രാഹുൽ പറഞ്ഞു.
ബിജെപി ഭരണത്തിന് കീഴില്‍ മധ്യപ്രദേശ് ഇന്ത്യയിലെ അഴിമതിയുടെ പ്രഭവകേന്ദ്രമായെന്ന് ഭാരത് ജോഡോ യാത്രക്കിടെ ആളുകള്‍ തന്നോട് പറഞ്ഞു. ഉച്ച ഭക്ഷണത്തിന്റെയും വിദ്യാര്‍ഥികള്‍ക്കുള്ള യണിഫോമിന്റേയും പണം ബിജെപി അടിച്ചുമാറ്റി. ഒരു കോടി യുവാക്കളെയാണ് വ്യാപം അഴിമതി ബാധിച്ചത്. പരീക്ഷാ ചോദ്യപ്പേപ്പറുകള്‍ ചോര്‍ത്തപ്പെടുകയും എംബിബിഎസ് സീറ്റുകള്‍ വില്‍ക്കപ്പെടുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ശരിയായ പ്രതിഫലം ലഭിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.
“ഇക്കൂട്ടർ പൊതുസമൂഹത്തോട് ചെയ്തതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ ലഭിക്കുന്നത്. ഞങ്ങൾ ഏഴ് ജൻ ആക്രോശ് യാത്രകൾ മധ്യപ്രദേശിൽ നടത്തിയിട്ടുണ്ട്. ഭാരത് ജോഡോ ജാത്രയ്ക്കിടെ മധ്യപ്രദേശിൽ ഏകദേശം 370 കിലോമീറ്റർ പിന്നിട്ട ഞങ്ങൾ കർഷകരെയും യുവാക്കളെയും അമ്മമാരെയും സഹോദരിമാരെയും കണ്ടു. അവർ എന്നോട് കുറച്ച് കാര്യങ്ങൾ പറഞ്ഞു. ഇന്ത്യയിലെ അഴിമതിയുടെ പ്രഭവകേന്ദ്രമാണ് മധ്യപ്രദേശ്. ബിജെപിക്കാർ മധ്യപ്രദേശിൽ നടത്തിയ അഴിമതി രാജ്യത്തുടനീളം നടന്നിട്ടില്ല,”രാഹുൽ കൂട്ടിച്ചേർത്തു.