പാർലമെന്റ് അംഗത്വം റദ്ദാക്കിയതിൽ മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പാർലമെന്റ് അം​ഗത്വം റദ്ദാക്കിയ നടപടിക്കെതിരെ തൃണമൂൽ കോൺ​ഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്. പാ‍ർലമെന്റ് നടപടി ചോദ്യം ചെയ്താണ് ഹ‍ർജി. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് മഹുവയ്ക്കെതിരെ നടപടി. പുറത്താക്കാൻ പാർലമെന്റിന് അധികാരമില്ലെന്നും തന്റെ വാദം കേൾക്കാതെ നടപടിയെടുത്തത് ഭരണഘടന ലംഘനമാണെന്നുമാണ് മഹുവ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

അവകാശ ലംഘനം സംബന്ധിച്ച പരാതികൾ പരിഗണിക്കേണ്ടത് പ്രിവിലേജ് കമ്മറ്റിയാണ് എന്ന് ടിഎംസിയും ഇന്ത്യ മുന്നണിയും നേരത്തെ മുതൽ ആരോപിക്കുന്നുണ്ട്. എന്നാൽ പുറത്താക്കൽ നടപടി ശുപാർശ ചെയ്തത് എത്തിക്സ് കമ്മിറ്റിയാണ്. അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച പരാതികളാണ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണയിൽ വരേണ്ടത്. പാർലമെന്ററി നടപടി ചട്ടങ്ങളുടെ 316 ഡി പ്രകാരം എത്തിക്സ് കമ്മിറ്റിക്കു പുറത്താക്കൽ ശുപാർശ നൽകാനാവില്ല. അംഗം തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിക്കു കഴിയും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് രണ്ടുകോടി രൂപയും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവക്കെതിരായ ആരോപണം. മഹുവയുടെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്​വേഡും ദുരുപയോഗം ചെയ്തുവെന്നും ആരോപണമുണ്ടായി. ഈ ആരോപണങ്ങൾ ശരിവെച്ച എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കാൻ ശിപാർശ ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകയായാണ് മഹുവ.

More Stories from this section

family-dental
witywide