ടൈം മാഗസിൻ 100 നെക്സ്റ്റ് പട്ടികയിൽ ഇടം നേടി മലയാളി വിനു ഡാനിയേൽ

ന്യൂയോർക്ക്: നവലോക നേതാക്കളെ അവതരിപ്പിക്കുന്ന ‘ടൈം മാഗസിൻ 100 നെക്സ്റ്റ്’ പട്ടികയിൽ ഇടം നേടി മലയാളി. ആർക്കിടെക്ട് വിനു ഡാനിയേൽ (41) ആണ് പട്ടികയിൽ ഇടംപിടിച്ച് അഭിമാനമായി മാറിയത്. വിനു ഉൾപ്പടെ 4 ഇന്ത്യക്കാർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (34), മാധ്യമപ്രവർത്തക നന്ദിത വെങ്കടേശൻ (33), വൈദ്യശാസ്ത്രജ്ഞൻ ഡോ. നബുറൻ ദാസ്‌ഗുപ്ത (44) എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ.

സുസ്ഥിര മാതൃകയിലുള്ള നിർമിതികളൊരുക്കുന്ന ‘വോൾമേക്കേഴ്സ്’ സ്ഥാപകനാണ് വിനു ഡാനിയേൽ. വസ്ത്രാവശിഷ്ടങ്ങളും ഫെറോ സിമന്റുമുപയോഗിച്ച് ‘ക്ലോത്ക്രീറ്റ്’ ഫർണിച്ചർ ഒരുക്കുന്നതിലും വിനു ശ്രദ്ധ നേടിയിട്ടുണ്ട്. ലാറി ബേക്കർ ശൈലിയിലുള്ള പരിസ്ഥിതി സൗഹൃദ നിർമിതികളിൽനിന്ന് പ്രചോദനം നേടിയ വിനു, കേരളത്തിലെ മേസൻമാരും തൊഴിലാളികളും നാട്ടുകാരുമാണ് തന്റെ ഗുരുക്കന്മാരെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലണ്ടനിലെ പ്രശസ്തമായ ബാർബിക്കൻ സെന്ററിൽ 2022-ൽ ചേന്ദമംഗലം കൈത്തറിയുടെ പ്രദർശനമൊരുക്കാനും നേതൃത്വം നൽകി.

2017-ൽ ഓസ്ട്രേലിയയ്ക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ 115 പന്തുകളിൽനിന്ന് 171 റൺസ് നേടിയ പ്രകടനത്തോടെയാണ് ഹർമൻപ്രീത് വനിതാ ക്രിക്കറ്റിലെ ഇതിഹാസതാര നിരയിലേക്ക് ഉയർന്നത്. ഇന്ത്യക്കായി കൂടുതല്‍ റണ്‍സെടുത്ത താരം അന്താരാഷ്ട്ര പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തി.

ക്ഷയരോഗചികിത്സയ്ക്കിടെ ഉപയോഗിച്ച മരുന്നുകളുടെ പാർശ്വഫലമായി കേൾവി നഷ്ടമായ നന്ദിത വെങ്കിടേശ് നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായാണ് ക്ഷയരോഗചികിത്സയ്ക്കുള്ള സുരക്ഷിതമായ മരുന്ന് പേറ്റന്റ് തടസ്സം നീക്കി ഇന്ത്യയിൽ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ വഴിയൊരുങ്ങിയത്. വേദന സംഹാരികളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനുള്ള മരുന്നുകളുടെ ലഭ്യത യുഎസിൽ വർധിപ്പിക്കാനായുള്ള നടപടികൾ വിജയകരമായി നടപ്പാക്കിയതിലൂടെയാണ് ഡോ. നബുറൻ ദാസ്ഗുപ്ത ശ്രദ്ധേയനായത്.