കുവൈത്ത് സിറ്റി: ഇസ്രയേലിനെ പിന്തുണച്ച വാട്ട്‌സാപ്പ് സ്റ്റാറ്റസിട്ട മലയാളി നഴ്സിനെ കുവൈത്ത് നാടുകടത്തിയെന്നത് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെയാണ് നാടുകടത്തിയിരിക്കുന്നത്. ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവര്‍ വാട്‌സ്ആപ് സ്റ്റാറ്റസ് ഇട്ടിരുന്നു. പലസ്തീന്‍കാരെ ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ചതായും ആരോപണമുണ്ട്.
മലയാളി നഴ്‌സിന്റെ വാട്ട്‌സാപ്പ് സ്്റ്റാറ്റസുമായി ബന്ധപ്പെട്ട വിവരം ലഭിച്ച കുവൈത്തി അഭിഭാഷകനായ ബന്തര്‍ അല്‍ മുതൈരി ഇക്കാര്യം ക്രിമിനല്‍ അന്വേഷണ വിഭാഗത്തില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് നഴ്‌സിനെ വിളിച്ചു വരുത്തിയ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കു മുന്‍പിലും നഴ്‌സ് ഇസ്രയേല്‍ അനുകൂല നിലപാട് ആവര്‍ത്തിച്ചുവെന്നും ഇതേത്തുടര്‍ന്നാണ് നഴ്‌സിനെ നാടു കടത്തിയതെന്നുമാണ് വിവരം.
നിലവില്‍ ഇസ്രയേല്‍ അനുകൂല നിലപാട് സ്വീകരിച്ച രണ്ട് മലയാളി നഴ്‌സുമാരില്‍ ഒരാളെ നാടുകടത്തിയതായും മറ്റൊരാളെ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും വിവരം ലഭിച്ചതായി മന്ത്രി വി മുരളധീരന്‍ പറഞ്ഞു. രണ്ടാമത്തെയാളെ നാട്ടിലെത്താനുള്ള സൗകര്യങ്ങള്‍ ഇന്ത്യന്‍ എംബസി ഒരുക്കുമെന്നും മുരളീധരന്‍ പറഞ്ഞു. കുവൈത്തിലെ അല്‍ സബാഹ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്‌സിനെയാണ് നാടുകടത്താന്‍ ഉത്തരവിട്ടത്.